Wednesday, August 2, 2017

പുനർജന്മമില്ലാത്ത ഓർമ്മകൾ

കൊഴിഞ്ഞു പോയ നിറമുള്ള പൂക്കളൊന്നും
പുഷ്പിച്ചു വീണ്ടുമീ വഴിത്താരയിൽ
എത്തില്ലെന്നറിയാം
പറയാൻ മറന്നു പോയ വാക്കുകളൊന്നും
സ്വന പേടകം തേടി രണ്ടാം വരവിനു ശ്രമിക്കുകയുമില്ല വാരിപുണരാൻ മറന്ന നിന്റെ തണുത്ത കൈകളെന്നെ പുണരാൻ വീണ്ടും കാറ്റിനെ പോലെ പതുങ്ങിവരില്ലെന്നുമറിയാം
നെഞ്ചിലെരിഞ്ഞ കനൽ പങ്കു വെയ്ക്കാൻ എന്റെ ഇട നെഞ്ചിൽ തല ചായ്ക്കാൻ മറന്ന നീ നെഞ്ചിലെ ചൂട് ചോദിച്ചു ഇനി വരില്ലെന്നറിയാം
നിറഞ്ഞൊഴുകിയ കണ്ണ് തുടക്കാൻ എന്റെ വിരലുകളെ അനുവദിക്കാത്ത
നീയിനി കണ്ണ് നിറച്ചെന്റെ മുന്നിൽവരില്ലെന്നുമറിയാം
ഓർമ്മകൾ പുനർജന്മമില്ലാത്തവയാവട്ടെ
ശവമടക്ക് കഴിയുമ്പോൾ
ഒരു വിരുന്നു വരവിനു ശ്രമിക്കാതിരിക്കട്ടെ .........

No comments:

Post a Comment