Thursday, May 12, 2016

പാലൂരപ്പൻ

കോഴിക്കോട് ജില്ലയിലെ വളരെ പ്രശസ്തവും പുരാതനവുമായ ഒരു വിഷ്ണു ക്ഷേത്രമാണ് പാലൂര് മഹാവിഷ്ണു ക്ഷേത്രം, ഇവുടത്തെ പ്രതിഷ്ഠ ശ്രീ മഹാവിഷ്ണുവാണ്. ഈ ക്ഷേത്രം ഇപ്പോള് ശ്രീ പിഷാരികാവ് ദേവസ്വത്തിന് കീഴിലാണ് . തിക്കൊടി ടൌണില് നിന്ന് അര കിലോമീറ്റെര് ദൂരെയായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു . ഇവിടുത്തെ ഉത്സവം സാധാരണയായി ജനുവരി മാസത്തില് നടത്തപ്പെടുന്നു. അതിനു പുറമേ ശ്രീ കൊങ്ങന്നൂര് ദേവി ക്ഷേത്രത്തിലെ ഉത്സവത്തോട് ആനുബന്ധിച്ചു പാലൂര് മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത് വളരെ പ്രസതമാണ്. കൊങ്ങന്നൂര് ദേവി ക്ഷേത്രത്തില് നിന്ന് പുറപ്പെടുന്ന എഴുന്നള്ളത് സി കെ ജി സ്കൂളിനകതുള്ള തറയില് വിശ്രമിച്ചു ചിങ്ങപുരം വയലിലൂടെ കടന്നു പാലൂര് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എത്തുന്നു . ചിങ്ങപുരം സ്കൂളില് വച്ചും വയലില് വച്ചും നടക്കുന്ന കരി മരുന്ന് പ്രയോഗം അതി പ്രശസ്തമാണ് . സി കെ ജി സ്കൂളില് വച്ചും ചിങ്ങപുരം വയലില് വച്ചും ഉള്ള തായമ്പകയും പ്രശസ്തമാണ്.

തിക്കൊടി, പയ്യോളി, പുറക്കാട് ചിങ്ങപുരം, പള്ളിക്കര കിഴൂര് മുച്ചുകുന്നു മൂടാടി കൊയിലാണ്ടി അയനിക്കാട് ഇരിങ്ങല് വടകര ഭാഗങ്ങളില് നിന്ന് വമ്പിച്ച ഒരു ജനാവലി ഈ ഉത്സവങ്ങളില് പങ്കെടുക്കാറുണ്ട്. ഈ ദിവസങ്ങളില് തിക്കൊടിയില് മധുര പലഹാരങ്ങളുടെയും കരകൌശല വസ്തുക്കളുടെയും ചന്ത ഉണ്ടാവാറുണ്ട്

പാലൂര് ഭഗവാനെ കാണാനെത്തുന്ന ദേവിയുടെ എഴുന്നള്ളത് കാണാന് രാത്രിയില് ദീപ അലങ്കരങ്ങളുമായി വഴി നീളെ ഭക്തന്മാര് കാത്തിരിക്കാറുണ്ട് പാലൂര് മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ ശേഷമുള്ള കുളിച്ചാറാട്ടു വളരെ പ്രശസ്തമാണ് .... എഴുന്നള്ളത് പാലൂര് അമ്പലത്തില് എത്തിയ ശേഷമുള്ള പഞ്ചവാദ്യം ഒന്ന് കേള്ക്കേണ്ടത് തന്നെയാണ് ....

പാലൂര് ക്ഷേത്രത്തിലെ ഉത്സവത്തെ കുറിച്ച് പറയുകയാണെങ്കില് ഇവിടെത്തെ ഉത്സവത്തിന്റെ അന്ന് നിരവധി ഇളനീര് വരവുകള് അമ്പല അങ്കണത്തില് എത്തി ചേരുന്നു. കാവടിയാട്ടവും, കൊല്ക്കളിയും താലപ്പോളിയും ആയി എത്തുന്ന വരവ് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്

രാത്രിയില് പാലൂര് വിഷ്ണു ക്ഷേത്രത്തില് നിന്ന് പുറപ്പെടുന്ന എഴുന്നള്ളത് തിക്കൊടി ടൌണിലൂടെ പൂവെടി തറയില് എത്തി തിരിച്ചു വരുന്നു എഴുന്നള്ളത് ടൌണില് എത്തുമ്പോള് നടത്തുന്ന കരിമരുന്നു പ്രയോഗം ഒരു നയന മനോഹരമായ ഒരു കാഴ്ചയാണ് . ഉത്സവത്തോട് ആനുബന്ധിച്ചു അന്നദാനം നടത്താറുണ്ടിവിടെ . നാടിന്റെ നാനാ ഭാഗത്ത് നിന്നും ഭക്തന്മാര് അന്നദാനത്തിനായി ഏതാറുണ്ടിവിടെ . ഉത്സവ ദിവസങ്ങളില് ക്ഷേത്രത്തില് നിരവധി കല പരിപാടികള് അരങ്ങേറാറുണ്ട് .

ചോറൂണ്, വിവാഹം എന്നിവയും പാലൂര് ഭഗവാന്റെ സന്നിധിയില് വച്ച് നടത്താറുണ്ട് . ചുറ്റുവിളക്ക് , പുഷ്പാഞ്ജലി , പാല്പ്പായസം എന്നിവയാണ് പ്രധാന വഴിപാടുകള് .

കരുണാനിധിയ പാലൂരപ്പനെ കുറിച്ചും പാലൂര് അമ്പലത്തെ കുറിച്ചുമുള്ള വിശദമായ ചരിത്രം നിങ്ങള്ക്ക് ഉടന് തന്നെ പ്രതീക്ഷിക്കാം ...... പാലൂര് ഭഗവാനെ വണങ്ങുന്നതും ഇവുടത്തെ ഉത്സവത്തില് പങ്കെടുക്കുന്നതും ജന്മസുകൃതമായി ഞങ്ങള് ഭക്തന്മാര് കരുതുന്നു .............

ആകാശവാണി വാർത്തകൾ

ആകാശവാണി പ്രാദേശിക വാർത്തകൾ വായിക്കുന്നത് വെണ്മണി വിഷ്ണു എന്ന് കേൾക്കുമ്പോൾ ഗ്ലാസിലെ ബാക്കിയുള്ള ചായ അകത്താക്കി അമ്മേ ഞാൻ പോകുന്നേ എന്ന് പറഞ്ഞ് എടുക്കാനുള്ള തെല്ലാം എടുത്ത് ഒരൊറ്റ പാച്ചിലാണ്. എന്റെ വീട്ടില് നിന്ന് ഇറങ്ങി അമ്മയുടെ വീട് (തറവാട് ) കഴിയുമ്പോഴേക്കും വാർത്ത പകുതി കഴിഞ്ഞിരിക്കും തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിന്റെ കോട്ടേ ഴ്സിന്റെ അടുത്ത് എത്തുമ്പോഴേക്കും ഈയം ആകാശവാണി സംസ്കൃത വാർത്തായ ശുയന്ത പ്രവാചക ബലധേവാനന്ദ സാഗര എന്ന് കേൾക്കും അപ്പോൾ ഒന്ന് ആഞ്ഞു പിടിച്ച് നടക്കണം ഇല്ലെങ്കിൽ കണ്ണൂര് കോഴിക്കോട് പാസഞ്ചർ അതിന്റെ വഴിക്ക് പോകും ...... ക്ലോക്ക് നോക്കാതെ റേഡിയോയിൽ നടക്കുന്ന പരിപാടികൾക്ക് അനുസരിച്ച് സമയം ഗണിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ...... കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാ പിച്ചിരിക്കുന്നു എന്ന് വെണ്മണി വിഷ്ണുവിന്റെ വായിൽ നിന്ന് വീഴാൻ നിങ്ങളും എന്നെ പോലെ കൊതിച്ചിരുന്നിട്ടില്ലേ?വെണ് മണി വിഷ്ണു സാറിനും ബലദേവാനന്ദ സാഗർ സാറിനും ഒരു ബിഗ് സല്യുട്ട് .......

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം

അമ്മാവന്റെ ഉച്ചത്തിലുള്ള വിളി കേൾക്കുന്നത് വരെയുള്ള അമ്പല കുളത്തിലെ കുളി , സ്കൂൾ അവധി ദിവസങ്ങളിൽ കുമാരേട്ടന്റെ പീടികയിലെ അര വണ്ടിയിന്മേലുള്ള സൈക്കിൾ പഠിത്തം. തറവാട്ട് വീട്ടിലെ പുളി മരത്തിനു കീഴിൽ കരിയോല കൊണ്ട് ഉണ്ടാക്കിയ പന്തലിൽ ചിരട്ട കൊണ്ട് ചോറും കറിയും വച്ചുള്ള കളി, പിന്നെ ഒളിച്ചു കളിക്കൽ, കള്ളനും പോലീസും കളി , കുറ്റി പിടിച്ചു കളി , കൊക്കോം പറന്നു കളി, കൊത്തം കല്ല് കളി , ചുട്ടിയും കോലും കളി, ഇട്ടാപ്പോ തൊണ്ണൂറു കളി. സൈക്കിളിന്റെ ടയർ അല്ലെങ്കിൽ ഹവായ് ചെരുപ്പ് വട്ടത്തിൽ മുറിച്ചു ഉണ്ടാക്കുന്ന ഉന്തു വണ്ടി യുമായുള്ള കറക്കം . തീപ്പെട്ടി കൂടിന്റെ കവർ ശേഖരണം, കുളത്തിലെ ചൂണ്ടയിടൽ , ആഴ്ചയിൽ ഒരിക്കൽ ടി വിയിൽ ഉള്ള മലയാളം സിനിമ, ചിത്ര ഗീതം , രാമായണം , മഹാഭാരതം , ശക്തിമാൻ , ജെങ്കിൾ ബുക്ക് , ജെയന്റ്റ് റോബൊട്ട്, എന്നിവ കാണുക, കണ്ട സിനിമയിലെ സ്റ്റണ്ട് സീൻ അനുകരിക്കുക ഇതൊക്കെ ബാല്യത്തിനു ഒരു ഉത്സവ പ്രതീതി സമ്മാനിച്ചിരുന്നു . പച്ച മാങ്ങ പറിച്ചു ഉപ്പും മുളകും വെളിച്ചെണ്ണയും പുരട്ടി തിന്നുക , അമ്പല പറമ്പിലെ പറങ്കി മാങ്ങ (കശുവണ്ടി ) പറിച്ചു ഈർക്കിലിയിൽ കോർത്ത് വീട്ടിൽ കൊണ്ട് വന്നു മുറിച്ചിട്ട് ഉപ്പും കൂട്ടി തിന്നുക , ഓണത്തിന് പൂവിടാൻ കൂട പിറപ്പുകളുടെയും കൂട്ടുകാരുടെയും കൂടെ പാടത്തും പറമ്പത്തും ഉള്ള കറക്കം , വേനൽഅവധി കാലത്ത് വെള്ളം വറ്റാറായ കുളങ്ങൾ വറ്റിച്ചു മീൻ പിടിക്കൽ , വിഷുവിനു പടക്കം വാങ്ങാനും അമ്പലത്തിലെ ഉത്സവത്തിനു ഇഷ്ടപ്പെട്ട കളിപ്പാട്ടം വാങ്ങാനും പയിസ ശേഖരിച്ചു വയ്ക്കൽ , അമ്മ പീടികയിൽ പറഞ്ഞു അയക്കുന്നതിനു കൂലി ആയി മുട്ടായിയോ ചില്ലറ പൈസയോ വാങ്ങുക , സ്കൂളിൽ നിന്ന് തിരികെ വരാനുള്ള ബസ്സിന്റെ കാശിനു മുട്ടായി വാങ്ങി തിന്നു സ്കൂളിൽ നിന്ന് വീട് വരെ കൂട്ടുകാരും ഒന്നിച്ചുള്ള നടത്തം പിന്നെ അന്തി ആവുന്നത് വരെ റയിൽ വെ ഗ്രൗണ്ടിൽ ഉള്ള ക്രിക്കറ്റ് കളി, ഡിസംബറിലെ തണുത്ത പ്രഭാതങ്ങളിൽ ചമ്മൽ (കരിയിലകൾ ) കൂട്ടിയിട്ടു അമ്മാമ യോടപ്പം ഉള്ള തീ കായൽ , ഇതൊക്കെ മനസ്സിൽ ഒരു കൊളുത്തി വലിക്കൽ സൃഷ്ടിക്കുന്ന ഓർമ്മകൾ ആണ് . തീ കാഞ്ഞാൽ മേൽ കായും മേൽ കാഞ്ഞാൽ അസ്ഥി കായും അസ്ഥി കാഞ്ഞാൽ പുസ്തി കായും എന്ന തീ കായുമ്പോൾ അമ്മാമ പാടി തരാറുള്ള പാട്ട് ഇപ്പോഴും ചെവിട്ടിൽ മുഴങ്ങുന്നു. നെടൂളാൻ (കാലൻ കോഴി ) കൂകിയാൽ ആരെങ്കിലും മരിക്കും എന്നും രണ്ടു മൈനയെ കണ്ടാൽ സന്തോഷം ആണ് ഫലം എന്നും , ചെമ്പോത്തിനെ കണ്ടാൽ മധുരം കിട്ടും എന്നും അമ്മാമ പറഞ്ഞു തന്ന കാര്യങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്ന ആ കുട്ടികാലം. സ്കൂൾ അവധി കാലത്ത് നമ്മുടെ പ്രായത്തിലുള്ള ബന്ധുക്കൾ തറവാട്ടിൽ കൂടാൻ വന്നാൽ സന്തോഷവും , അറാമ്പറപ്പും പതിൻ മടങ്ങാവും. ഞങ്ങൾ കുട്ടികൾക്കിടയിൽ ഉള്ള പിണക്കങ്ങൾ തീരാൻ ഒരു കോല് ഐസോ , പുളിയച്ചാറോ , അരുൾജ്യോതി മുട്ടായിയോ അല്ലെങ്കിൽ ഒരു നെയിംസ്ലിപ്പൊ മതിയായിരുന്നു. ഇതൊക്കെ മനസ്സില് നിന്ന് ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്പ്രകൃതിയോടു ഇണങ്ങി ചേർന്ന് വളർന്ന ഒരു കുട്ടിക്കാലം സമ്മാനിച്ചതിന് ദൈവത്തിനോട് നന്ദി .

Sunday, May 8, 2016

തിക്കോടി കുളിർമ്മ

തിക്കോടി റയിൽവേ സ്റ്റെഷനു അടുത്തുള്ള മാവിൽ കല്ലെറിഞവർക്കും ചേക്കൂട്ടി ഇക്കാന്റെ ഇറച്ചി പീടികയിൽ നിന്ന് കോയിനെ വാങ്ങിയവർക്കും വൈദ്യരുടെ ആയൂർവേദ കടയിൽ നിന്ന് ഒരു ഔണ്‍സ് അരിഷ്ടം കുടിച്ചവര്ക്കും , തിക്കൊടി മീൻ ചന്തയിൽ നിന്ന് ഒരിക്കൽ എങ്കിലും കല്ലുമ്മക്കായ വാങ്ങിയവര്ക്കും , ഒരിക്കൽ എങ്കിലും തിക്കൊടിയിലെ വെറ്റില ചന്ത കണ്ടവര്ക്കും ഒരിക്കൽ എങ്കിലും തിക്കോടി റയിൽവേ ഗേറ്റിൽ കുടുങ്ങിയവർക്കും ഒരിക്കൽ എങ്കിലും സംഗമം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും ഒരിക്കൽ എങ്കിലും കൊടിക്കൾ ബീച്ചിൽ പോയി തിരമാലകളെ കാലിൽ ആവാഹിച്ചവർക്കും, തിക്കോടി രോഷ്നി ടാക്കിസിൽ നിന്ന് ഒരു സിനിമയെങ്കിലും കണ്ടിട്ടുള്ളവർക്കും റയിൽവേ സ്റ്റെഷനു മുമ്പിലെ ഗ്രൌണ്ടിലെ വോളിബാൾ ടൂർണമെന്റ് ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ളവർക്കും കൊങ്ങന്നൂർ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പാലൂർ അമ്പലത്തിലേക്ക് എഴുന്നള്ളത്ത് വരുമ്പോൾ ചിങ്ങപുരം വയലിൽ നടക്കുന്ന വെടിക്കെട്ട് ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ളവർക്കും .... റെയിൽവേ ഗ്രൗണ്ടിൽ നിന്ന് ഒരിക്കൽ എങ്കിലും ക്രിക്കെറ്റ് കളിച്ചവര്ക്കും എവിടെ പോയാലും എന്തൊക്കെ നേടിയാലും മറക്കാൻ കഴിയുന്നതല്ല തിക്കോടി നാടുമായുള്ള ആത്മ ബന്ധം ..................... തിക്കോടിക്കാരൻ എന്ന് പറയാൻ എനിക്ക് ഇച്ചിരി അഹങ്കാരം തന്നെയാ നിങ്ങൾക്കോ ?

തിക്കോടി പെരുമ

ഇപ്പോൾ നാട്ടിൽ തെങ്ങിൽ കയറാനും പറമ്പ് കിളക്കാനും ഒന്നും ആളെ കിട്ടാനില്ല പണ്ടാണെങ്കിൽ ഞങ്ങളുടെ ചുറ്റുവട്ടത്ത് തെങ്ങിന്മേൽ കയറാൻ ചാത്തു കുട്ടിയേട്ടനും കൃഷ്ണേട്ടനും, ഉണ്ണരയെട്ടനും തന്നെ വേണം , തെങ്ങിൽ കയറിയാൽ കൂലിക്ക് പുറമേ പറിച്ചിട്ട തേങ്ങകളിൽ ഏറ്റവും വലിയ രണ്ടോ മുന്നോ തേങ്ങയും അവർ എടുക്കും അത് അവരുടെ ഒരു അവകാശം ആയിരുന്നു ……. ചെറിയാക്കൻ ചേട്ടനും പാച്ചരെട്ടനും ഒക്കെ നമ്മുടെ നാട്ടുകാരുടെ മനസ്സില് നിന്ന് അത്ര പെട്ടെന്ന് മാഞ്ഞു പോകാത്തവർ ആണ് …..
ആലയും കോപ്പിര്യയും (വിറകു പുര ) കെട്ടാൻ ശിവ ദാസേട്ടനും ശ്രീധരെട്ടനും തന്നെ വേണം . വീട്ടിലെ കൊപ്പിര്യ കെട്ടി , കൊപ്പിര്യയും ശിവ ദാസേട്ടനും ശ്രീധരെട്ടനും ഒരുമിച്ചു താഴേക്ക് പതിച്ച രംഗം ഇപ്പോഴും മനസ്സിലുണ്ട് . ഇപ്പോഴും അനിയനും ഞാനും ഈ കഥ പറഞ്ഞു ചിരിക്കാറുണ്ട് ...... നല്ല ഓലയുടെ അടിയിൽ ഒരു കരി ഓല വച്ചാണ് ആലയും കൊപ്പിര്യയും മേയുക . ഓലകൾ അലകുമായി കൂട്ടികെട്ടാൻ തെങ്ങോല വാട്ടിയത് ആണ് ഉപയോഗിച്ചിരുന്നത് ആ ഓലയുടെ അറ്റം കൂർപ്പിക്കാൻ ശിവ ദാസേട്ടന്റെ അരയിൽ ഒരു പീച്ചാതിയും ഉണ്ടാകുമായിരുന്നു .......
ദാമോധരേട്ടനും ചന്ദ്രേട്ടനും ഒക്കെയായിരുന്നു പറമ്പും തിണ്ടും കിളക്കാൻ വരിക . അട്ടത്ത് ഇട്ട തേങ്ങ ഉരിക്കാൻ അത് മുക്കാട്ടെ കണ്ണേട്ടൻ തന്നെ വേണം . പച്ച തേങ്ങയും കോട്ട തേങ്ങയും ഒക്കെ മൊത്തമായി വാങ്ങിയിരുന്നത് കുഞ്ഞൂട്ടിക്ക ആയിരുന്നു പറമ്പ് കിളക്കാനും കൊള്ള് കിളക്കാനും ആല മേയാനും വരുന്നവർക്ക് കൂലിക്ക് പുറമേ ചായയും കൊടുക്കണം ചായക്ക് കൂട്ടൽ ആയി കിഴങ്ങ് പുഴുങ്ങിയതും കട്ടൻ ചായയും ആയിരിക്കും . ഇടയ്ക്കിടയ്ക്ക് അവർ ഗ്ലൂക്കോസ് വെള്ളത്തിന് ആവശ്യപ്പെടും . ഗ്ലൂക്കോസ് എന്ന് കേട്ട് ഞെട്ടണ്ട ..... ഉപ്പിട്ട കഞ്ഞി വെള്ളം അതാണീ ഗ്ലൂക്കോസ് ...... രാവിലെ എട്ടു മണിക്ക് വന്നു കൃഷി ഭവനിൽ പന്ദ്രണ്ടരക്ക് മണി അടിക്കുമ്പോൾ ഇവര് പണി നിര്ത്തും ....... സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ കൊള്ള് (തിണ്ട്) കിളക്കുന്നത് നോക്കി നിൽക്കലായിരുന്നു ഞങ്ങൾ കുട്ടികളുടെ വിനോദം . കൊള്ള് കിളച്ചു പ്രത്യകം ഉണ്ടാക്കിയ പിടിയുള്ള മരപ്പലക കൊണ്ട് തിണ്ട് അമർത്തും അങ്ങനെ ഭംഗിയാക്കി വച്ച തിണ്ടിൽ ഇട വഴിയിലൂടെ പോകുന്ന ഞങ്ങളെ പോലുള്ള കുസൃതി കുട്ടികൾ പേരും ചിത്രങ്ങളും വരച്ചു വയ്ക്കും
ഇന്ന് തെങ്ങിൽ കയറാനും പറമ്പ് കിളക്കാനും ഒക്കെ ആളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് ...... ...... ഇപ്പോൾ എല്ലാം ബംഗാളി മായം ആണ് ..... നെല്ല് കൊയ്യാൻ മുതൽ വാര്പ്പിന്റെ പണിക്കു വരെ ബംഗാളികൾ ആണ് ..... കാലം മാറുന്നു കോലവും ……..കൂടെ ചില കലാ രൂപങ്ങൾ പോലെ ചില കുല തൊഴിലുകളും യവനികയ്ക്കുള്ളിൽ മറയുന്നു
വീട്ടിലെ രേഷന്റെ അരി വാങ്ങി കൊണ്ട തരുന്നത് കല്യാണി ഏടത്തി ആയിരുന്നു . ചെവിട് നല്ലവണ്ണം കേള്ക്കാത്ത കല്യാണി ഏടത്തിക്ക് ഞാനാണ് കൂട്ട് പോയിരുന്നത് . ഇച്ചിരി പുഴു പല്ല് ഉള്ള കുഞ്ഞി കണ്ണേട്ടൻ ആയിരുന്നു റേഷൻ പീടികയിൽ സാധനങ്ങൾ തൂക്കി തന്നത്. വല്ലപ്പോഴും മാത്രമേ അദ്ദേഹം ചിരിക്കാരുള്ളൂ അങ്ങനെ വല്ലപ്പോഴും ചിരിക്കുമ്പോൾ പുഴുപ്പല്ലു കണ്ടാൽ ആയി ….. സിനിമ നടൻ ശ്രീനിവാസന്റെ മുഖ ഛായ ആയിരുന്നു കുഞ്ഞി കണ്ണേട്ടന് …. റേഷൻ പീടികയിലെ കണക്ക് എഴുതിയിരുന്നത് അദ്ധേഹത്തിന്റെ ഏട്ടനും ആയിരുന്നു ...... ഇവര് തമ്മിൽ ഇടയ്ക്ക് കശപിശ ഉണ്ടാകാറുണ്ട് . റേഷൻ പീടികയിൽ നിന്നാൽ മരപ്പീടികയിൽ നിന്ന് ഈർച്ച പൊടി വാരി കൊണ്ട് പോകുന്നവരെ കാണണം . വിറകിനു പകരം അവർ ഇത് ഉപയോഗിക്കാറുണ്ട്
റേഷൻ പീടികയുടെ അടുത്ത് തന്നെയാണ് ഹസ്സാൻ ഇക്കയുടെ ചായക്കട ഹസ്സനിക്കയെ അതെ പോലെ വരച്ചു വച്ച രണ്ടു ആണ് മക്കൾ ആയിരുന്നു അവിടുത്തെ സപ്ലയർമാർ ...... അതിനു തൊട്ടടുത്ത് മമദ് ഇക്കയുടെയും പിശാണ്ടിയുടെയും പല ചരക്കു കടകൾ. റേഷൻ പീടികയിൽ നിന്ന് സാധനം വാങ്ങി കഴിഞ്ഞാല ഈ പല ചരക്കു കടയില നിന്ന് സാധനങ്ങൾ വാങ്ങി വീടിലേക്ക് തിരിക്കുകയായി അരി സഞ്ചി തലയിലും മറ്റു കയ്യിൽ പല ചരക്കു സാധനങ്ങളും പിടിച്ചു ബാലന്സ് തെറ്റാതെ സൂക്ഷിച്ചു നടക്കുന്ന കല്യാണി ഏടത്തി ....... കൂടെ ഒരു കയ്യിൽ ചിമ്മിണി (മണ്ണെണ്ണ) കുപ്പിയും മറു കൈ കൊണ്ട് കൊടുക്കില്ലാത്ത ഊർന്നു പോകുന്ന ട്രൌസർ വലിച്ചു കയറ്റി ഞാനും ………..
പേരുകള്ക്ക് മാത്രമേ മാറ്റം ഉണ്ടാവൂ നിങ്ങളുടെ വീട്ടിനടുത്തും ഉണ്ടായിരുന്നു അല്ലെങ്കിൽ ഇപ്പോഴും നിങ്ങളോടൊപ്പം ഉണ്ട് ഇവരിൽ ഓരോരുത്തരും അവരുടെ ഓർമ്മകളും…

തിക്കോടിയൻ

മലയാള സാഹിത്യത്തിൻറെ വിഹായസ്സിൽ എന്നും തലയെടുപ്പോടെ ശോഭിച്ചു നിൽക്കുന്ന ഒരു നക്ഷത്രം ആണ് ശ്രീ തിക്കോടിയൻ . കവിയും നാകകൃത്തും നോവലിസ്റ്റുമെല്ലാമായി സാഹിത്യ ലോകത്ത് കിരീടം വച്ച് വാണ ബഹു മുഖ പ്രതിഭയാണ് ശ്രീ തിക്കോടിയൻ
എടുത്താലും കൊടുത്താലും തീരാത്ത അത്ര സ്നേഹത്തിനു ഉടമ ആയതു കൊണ്ട്, പരമ ശത്രുവിന്റെ നിഷ്ടൂര കൃത്യങ്ങൾക്ക് കൂടി മനസ്സില് മാപ്പ് കൊടുത്തു ചിരിക്കാൻ കഴിയുന്ന നിഷ്കളങ്കത കൊണ്ട് തിക്കോടിയൻ എന്ന മനുഷ്യൻ അല്പം മാത്രം അറിഞ്ഞവരെ കൂടി ആരാധകരോ സ്നേഹിതരോ ആക്കി മാറ്റാറുണ്ട് എന്നാണ് ശ്രീ എം ടി അദ്ദേഹത്തിന്റെ അരങ്ങോഴിയാത്ത തിക്കോടിയൻ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് .
1916 ജനുവരി 28 നു തിക്കോടിയിൽ പുതിയിടത്തു വീട്ടിൽ കുഞ്ഞപ്പൻ നായരുടേയും നാരായണിയമ്മയുടേയും മകനായി ജനിച്ച പി. കുഞ്ഞനന്തൻ നായർ പിന്നീട് തിക്കോടിയൻ എന്ന തൂലിക നാമത്തിലൂടെ സാഹിത്യ രചനകൾ നടത്തുകയും ജനമനസ്സുകളിൽ ഇടം നേടുകയും ചെയ്തു .
തിക്കോടിയന് തിക്കു എന്നൊരു ഓമന പേര് കൂടി ഉണ്ടായിരുന്നു. സുഹൃത്തുക്കൾ അദ്ദേഹത്തെ അങ്ങനെ ആണ് വിളിച്ചിരുന്നത് . ഹാസ്യസാമ്രാട്ടായിരുന്ന സഞ്ജയനാണ് കുഞ്ഞനന്തൻ നായർ എന്ന എഴുത്തുകാരന് തിക്കോടിയന് എന്ന തൂലികാനാമം നല്കിയത്. നാടകങ്ങൾ , നോവലുകൾ, തിരക്കഥകൾ , ഗാനരചന എന്നി മേഖലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപിച്ച കേരളക്കരയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് അദ്ദേഹം
"അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
(അപ്പോളും) എന്ന കടമ്പ എന്ന സിനിമയിലെ ഗാനം ഇപ്പോളും മലയാളികൾ പാടി നടക്കുന്നു . അതിന്റെ ഗാന രചന നടത്തിയത് തിക്കോടിയൻ ആണ്.
1975 ൽ പുറത്തിറങ്ങിയ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയുടെ കഥ തിക്കോടിയന്റേതു ആണ് അതിനു കേരള സ്റ്റേറ്റ് ഫിലിം തിരക്കഥ അവാർഡ് ലഭിച്ചിട്ടുണ്ട്
എ.പി നളിനന്റെ തിക്കോടിയനെ കുറിച്ചുള്ള ഓർമ്മകുറിപ്പിൽ തിക്കോടിയന്റെ ജീവിതത്തെ കുറിച്ചുള്ള സമീപനത്തെ കുറിച്ച് ഇങ്ങനെ പറയുന്നു
“ജീവിതവും നാടകവും രണ്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ജീവിതം തന്നെ ഒരു നാടകമാണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ- അങ്ങനെ കളിച്ചുപോകുന്ന ഒരു നാടകം. അതുകൊണ്ടുതന്നെ ജീവിതത്തെ വലിയ ഗൌരവത്തോടെ ഞാന് കണ്ടിട്ടില്ല. ജീവിതത്തില്നിന്ന് എന്തെങ്കിലും കിട്ടണം, നേടണം എന്നൊന്നും തോന്നിയിട്ടില്ല; ഒന്നും ആരോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. എന്തെങ്കിലും അറിയാതെ മേല് വന്നുവീഴുമ്പോള് വലിയ വിഷമമാണ്- ഒരു കല്യാണപ്പെണ്ണിന്റെ വിമ്മിഷ്ടമാണ്”.
അദ്ദേഹം തന്റെ നാടകങ്ങളിൽ അക്കാലത്തു നിലവിലുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥയെ വരച്ചു കാണിച്ചു തിക്കോടിയന്റെ ആത്മകഥയായ അരങ്ങ് കാണാത്ത നടൻ എന്ന പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരികമായ വിവരണങ്ങൾ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഇതിന് 1995 ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരം ലഭിച്ചു. അതിനു പുറമേ കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്,കേരള സ്റ്റേറ്റ് ഫിലിം തിരക്കഥ അവാർഡ് (ഉത്തരായണം),സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നി അവാർഡുകളും ഈ പ്രതിഭയെ തേടി എത്തി പുഷ്പവൃഷ്ടി,ഒരേകുടുംബം, ജീവിതം,പ്രസവിക്കാത്ത അമ്മ, പുതുപ്പണംകോട്ട, യാഗശില(നാടകം), അശ്വഹൃദയം, ചുവന്നകടൽ, പഴശ്ശിയുടെ പടവാൾ (നോവൽ)അരങ്ങു കാണാത്ത നടൻ(ആത്മകഥ) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപെട്ട കൃതികൾ
കേരള സാഹിത്യ സമിതി അദ്ധ്യക്ഷൻ, കേരള സംഗീതനാടക അക്കാദമി ചെയർമാൻ എന്നി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒരു കാലത്ത് കോഴിക്കോട്ടെ ഏറ്റവും തിരക്കുള്ള സാംസ്കാരിക നായകൻ ആയിരുന്നു തിക്കോടിയൻ . പ്രഭാഷണങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1950 ൽ ആകാശവാണി കോഴിക്കോട് നിലയത്തില് സ്ക്രിപ്റ്റ് റൈറ്ററായി ചേര്ന്നു. 1975 ൽ ഡ്രാമാപ്രൊഡ്യൂസറായി റിട്ടയര് ചെയ്തു. 1942 ൽ ആയിരുന്നു വിവാഹം. സ്കൂള് അദ്ധ്യാപികയായിരുന്നു ഭാര്യ. തിക്കോടിയന്റെ മകളുടെ പേര് പുഷ്പ എന്നാണ്
2001 ജനുവരി 28 നു ആണ് ഈ മഹാ പ്രതിഭ നമ്മോടു വിട പറഞ്ഞത് . ഈ വർഷം (2016 )നമ്മൾ അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി ആഘോഷിക്കുകയാണ് . അദ്ദേഹത്തെ പോലെയുടെ മഹാ പ്രതിഭ ജനിച്ച തിക്കോടിയുടെ മണ്ണിൽ ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു. നമ്മെ വിട്ടു പോയെങ്കിലും ഞങ്ങൾ തിക്കോടിക്കാരുടെയും കലാ സ്നേഹികളായ കേരള ജനതയുടെ യും മനസ്സിന്റെ അരങ്ങിൽ എന്നും ഒരു അദ്ദേഹത്തിന് ഒരു പ്രമുഖ സ്ഥാനം ഉണ്ടായിരിക്കും…… പ്രശാന്ത് നായർ തിക്കോടി