Wednesday, August 2, 2017

പുനർജന്മമില്ലാത്ത ഓർമ്മകൾ

കൊഴിഞ്ഞു പോയ നിറമുള്ള പൂക്കളൊന്നും
പുഷ്പിച്ചു വീണ്ടുമീ വഴിത്താരയിൽ
എത്തില്ലെന്നറിയാം
പറയാൻ മറന്നു പോയ വാക്കുകളൊന്നും
സ്വന പേടകം തേടി രണ്ടാം വരവിനു ശ്രമിക്കുകയുമില്ല വാരിപുണരാൻ മറന്ന നിന്റെ തണുത്ത കൈകളെന്നെ പുണരാൻ വീണ്ടും കാറ്റിനെ പോലെ പതുങ്ങിവരില്ലെന്നുമറിയാം
നെഞ്ചിലെരിഞ്ഞ കനൽ പങ്കു വെയ്ക്കാൻ എന്റെ ഇട നെഞ്ചിൽ തല ചായ്ക്കാൻ മറന്ന നീ നെഞ്ചിലെ ചൂട് ചോദിച്ചു ഇനി വരില്ലെന്നറിയാം
നിറഞ്ഞൊഴുകിയ കണ്ണ് തുടക്കാൻ എന്റെ വിരലുകളെ അനുവദിക്കാത്ത
നീയിനി കണ്ണ് നിറച്ചെന്റെ മുന്നിൽവരില്ലെന്നുമറിയാം
ഓർമ്മകൾ പുനർജന്മമില്ലാത്തവയാവട്ടെ
ശവമടക്ക് കഴിയുമ്പോൾ
ഒരു വിരുന്നു വരവിനു ശ്രമിക്കാതിരിക്കട്ടെ .........

സ്വപ്നങ്ങളുടെ സാക്ഷിയും അന്നദാനിയും

അമ്മയുടെ മുട്ട് വേദനയുടെ മരുന്ന് വാങ്ങാൻ പോയ
മകൻ ഇരുള് വീണിട്ടും തിരിച്ചെത്തിയില്ല
അച്ഛന്റെ കണ്ണട കാല് മാറ്റാൻ പോയ മകനും തിരിച്ചെത്തിയില്ല
വീട്ടുസാധനങ്ങൾ വാങ്ങി വരാമെന്നു പറഞ്ഞു പോയ
ഭർത്താവും വീടണഞ്ഞില്ല
മകൾക്കു കളിപ്പാട്ടം വാങ്ങി വരുമെന്ന് പറഞ്ഞ അച്ഛനും മടങ്ങി വന്നില്ല
ആധിപിടിച്ച മനുഷ്യക്കോലങ്ങളെ
വീട്ടിൽ തനിച്ചാക്കി
വരുമെന്ന് പറഞ്ഞു പോയ ഇവരെല്ലാം
എവിടെയാണ് പോയ് മറഞ്ഞത്
പോകുമ്പോൾ അവൻ
മകനായിരുന്നു, ഭർത്താവായിരുന്നു, അച്ഛനായിരുന്നു
പക്ഷെ ഒടുവിൽ ശ്വാസം നിലച്ചു
കോലായിൽ കൊടി പുതച്ചു കിടന്നപ്പോൾ
അവന്റെ പേര് രക്തസാക്ഷി എന്നായി ബലിദാനി എന്നായി
അച്ഛനും അമ്മയും ഭാര്യയും മകളും പറഞ്ഞു
അവൻ ഞങ്ങൾ കണ്ട സ്വപ്നങ്ങളുടെ
സാക്ഷിയായിരുന്നെന്ന്
അവൻ ഞങ്ങളുടെ അന്നദാനിയായിരുന്നെന്ന് .........

ഭൂമി ഐസിയുവിലാണ്



ഭൂമി ഐസിയുവിലാണ്

***************************

കുഴിയാനയില്ലാത്ത മുറ്റങ്ങൾ
ചേരട്ട ഇല്ലാത്ത മുറ്റക്കൊള്ളുകൾ
കുളകോഴികളെ കാണാത്ത പാടങ്ങൾ
തവള കരച്ചിലില്ലാത്ത മഴക്കാലങ്ങൾ
മിന്നാമിനുങ്ങില്ലാത്ത മോന്തികൾ
മഴപ്പാറ്റകളില്ലാത്ത വിളക്കിൻചുവടുകൾ
ചെമ്പോത്തില്ലാത്ത പറമ്പുകൾ
ചീവീടിന്റെ ഒച്ചപ്പാടില്ലാത്ത രാത്രികൾ
കാലൻ കോഴി കൂവാത്ത പാതിരകൾ
പ്രകൃതിയുടെ താളം നഷ്ടപെട്ട വിഷമത്തിൽ ഹൃദയ സ്തംഭനം വന്ന്
ഭൂമി ഐസിയുവിൽ മരണം കാത്തു കഴിയുകയാണ്