Sunday, April 23, 2017

കന്നി പെണ്ണ് കാണൽ

എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയ രണ്ടു മാസത്തെ ലീവ് ഉണ്ട് അതിനിടയിൽ പെണ്ണ് കാണണം എല്ലാം ഓക്കേ ആയാൽ കല്യാണവും കഴിക്കണം . അല്ലെങ്കിൽ പിന്നെ രണ്ടു കൊല്ലം കഴിയണം ലീവ് കിട്ടാൻ . അത് കൊണ്ട് തന്നെ നാട്ടിലെ അറിയപ്പെടുന്ന മാട്രിമോണിയൽ ഏജൻസിയിൽ പോയി പേര് രജിസ്റ്റർ ചെയ്തു . അവിടെയുള്ള കുട്ടികളുടെ ജാതകവും എടുത്തു കണിയാന്റെ അടുത്ത് പോകണം പൊരുത്തം ഉള്ള ജാതകം ആണെങ്കിൽ പെണ്ണിന്റെ വീട്ടിലേക്കു വിളിച്ചു ചോദിക്കണം . ഗൾഫുകാർക്ക് വലിയ ഡിമാൻഡ് ഇല്ലാത്ത കാലം ആയതു കൊണ്ട് പെൺകുട്ടികളുടെ അച്ചന്മാർക്കൊന്നും ഗൾഫുകാരെ പിടിക്കുന്നുമില്ല . ഒരു പെൺകുട്ടിയുടെ ജാതകം കിട്ടി പാട്ടുകാരിയാണ് . കല്യാണം ഒക്കെ കഴിഞ്ഞു നല്ല പാട്ടൊക്കെ കേട്ടിരിക്കാം എന്നൊക്കെ സ്വപ്നം കണ്ടു ജാതകവുമായി കണിയാന്റെ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞു കല്യാണം കഴിഞ്ഞാൽ ഒരാളെ ജീവിച്ചിരിക്കൂ എന്ന് . അത് കൊണ്ട് പാട്ടു കേൾക്കാനുള്ള ആഗ്രഹം അവിടെ തീർന്നു . എടുത്തു കൊണ്ട് പോകുന്ന ജാതകങ്ങളിൽ ഏതെങ്കിലും ഒന്ന് ചേർന്നാൽ ആയി . അങ്ങനെ ഞാൻ പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോകുകയായിരുന്നു .
ഇനി അഥവാ ജാതകം ഒത്താൽ തന്നെ പെണ്ണിന്റെ വീട്ടുകാരെ വിളിച്ചു ചോദിച്ചാൽ ഗൾഫ്കാരൻ ആണെന്ന് അറിയുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം കൊണ്ട് പോകാൻ പറ്റുമോ എന്നാണ് എന്ത് കൊണ്ട് പോവാൻ . കല്യാണം കഴിച്ചാൽ ഭാര്യയെ ഗൾഫിലേക്ക് കൊണ്ട് പോകാൻ പറ്റുമോ എന്നാണ് . പറ്റുന്നത് കൊണ്ട് അവരോടു അതെ എന്ന് ഇത്തരം നൽകും എന്നിട്ടു മാത്രമേ പെണ്ണ് കാണാൻ പോകാൻ അവർ സമ്മതിക്കൂ . അങ്ങനെയിരിക്കെ ഒരു ജാതക കുറിപ്പ് കിട്ടി . ജാതകത്തിൽ ഏകദേശം പൊരുത്തം ഒക്കെ ഉണ്ട് . പെണ്ണിന്റെ വീട്ടുകാരോട് വിളിച്ചു ചോദിച്ചു . അവർ പെണ്ണ് കാണാൻ വരാൻ പറഞ്ഞു . ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ . അളിയനെയും കൂട്ടി നേരെ പെണ്ണിന്റെ വീട്ടിലേക്കു വച്ച് പിടിച്ചു . വഴി ശരിക്കു അറിയില്ലായിരുന്നു . ഏകദേശം സ്ഥലത്തിനടുത്തു എത്തിയപ്പോൾ അവിടെ കണ്ട പീടികയിൽ കയറി വീട്ടുപേരും കുട്ടിയുടെ അച്ഛന്റെ പേരും ഒക്കെ പറഞ്ഞു വീട്ടിലേക്കുള്ള വഴി ചോദിച്ചു . അയാളുടെ മോളുടെ കല്യാണം കഴിഞ്ഞതല്ലേ . ഇനിയിപ്പോൾ അയാൾക്ക് രണ്ടു പെൺകുട്ടികൾ ഉണ്ടോ എന്നും അറിയില്ല എന്തായാലും വീട്ടിലേക്കുള്ള വഴി ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞു കടക്കാരൻ ഞങ്ങൾക്കു വഴി പറഞ്ഞു തന്നു .
വീടിനു അടുത്തെത്തിയപ്പോൾ കണ്ട ഒരാളോട് വീണ്ടും വഴി ചോദിച്ചു . അയാൾ വഴി പറഞ്ഞു തന്നു . അയാളോട് പെണ്ണ് കാണാൻ പോകുകയാണ് എന്ന് പറഞ്ഞു . അപ്പോൾ അയാളും പറഞ്ഞു അവിടത്തെ കുട്ടിയുടെ കല്യാണം കഴിഞ്ഞതല്ലേ ? ഇനിയിപ്പോൾ ആ കുട്ടിയുടേതല്ലെ കഴിഞ്ഞത് എനിക്ക് മാറിയതാവും എന്തായാലും നിങ്ങൾ ചെല്ലൂ എന്നയാൾ പറഞ്ഞു . ഒടുവിൽ ഞങ്ങൾ വീട്ടിൽ എത്തി . വീടും പരിസരവും ഒക്കെ വൃത്തിയായി കിടക്കുന്നു . വീട് ഈയടുത്തായി പെയിന്റ് ചെയ്ത പോലുണ്ട് . കോലായിൽ തന്നെ പെണ്ണിന്റെ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു . ഞങ്ങളെ കണ്ടതും അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തി . പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കുടുംബ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു . അതിനിടയിൽ പെൺ കുട്ടി ചായയും ആയി വന്നു . സുന്ദരിയായ പെൺകുട്ടി അവൾ ചായ തന്ന ശേഷം അകത്തേക്ക് പോയി . കുറച്ചു സമയം കഴിഞ്ഞപ്പോൾ മോളോട് എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെകിൽ ആവാം എന്ന് പെൺകുട്ടിയുടെ അച്ഛൻ എന്നോടായി പറഞ്ഞു . അതിനായി കാത്തിരുന്ന ഞാൻ . മൂപ്പര് അതും പറഞ്ഞതും നേരെ അകത്തേക്ക് നടന്നു . ഹാളിനകത്തെ മുകളിലേക്ക് പോകാനുള്ള കോണിപ്പടിയുടെ അരികിലായി അവൾ നിൽപ്പുണ്ട് .
ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു . ഓരോ കാര്യങ്ങൾ പറയുന്നതിനിടെ ഞാൻ ഇങ്ങോട്ടു വരുമ്പോൾ വഴി ചോദിച്ച രണ്ടു പേരും അവിടത്തെ കുട്ടിയുടെ കല്യാണം കഴിഞ്ഞതല്ലേ എന്ന് ചോദിച്ചു എന്ന് ഞാൻ അവളൊട് പറഞ്ഞു . അതെ എന്റെ കല്യാണം കഴിഞ്ഞതാ . അവളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി ആദ്യത്തെ പെണ്ണ് കാണൽ തന്നെ പാളിയല്ലോ ദൈവമേ . കേട്ടത് സത്യം ആയിരിക്കരുതേ എന്ന് പ്രാർത്ഥിച്ച് ഒന്ന് കൂടി ചോദിച്ചു എന്ത് കല്യാണം കഴിഞ്ഞതാണ് എന്നോ ? അതെ എന്റെ കല്യാണം കഴിഞ്ഞതാണ് . ആറു മാസങ്ങൾക്കു മുമ്പ് . കല്യാണം ആലോചന വന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു . വളരെ പെട്ടെന്ന് തന്നെ കല്യാണം ഉറപ്പിച്ചു . അങ്ങനെ കല്യാണവും ഭംഗിയായി കഴിഞ്ഞു . കല്യാണം കഴിഞ്ഞു വരന്റെ വീട്ടിൽ എത്തിയ ഞാൻ കണ്ടത് വരന്റെ വീട്ടിൽ കരഞ്ഞു നിൽക്കുന്ന വരന്റെ കാമുകിയെ ആയിരുന്നു . അവൾ ഗർഭിണിയായിരുന്നു . ഇതറിഞ്ഞ എന്റെ വീട്ടുകാർ എന്നെയും കൂട്ടി തിരിച്ചു വീട്ടിലേക്കു വന്നു . ഈ കഥയൊക്കെ കേട്ട് ഞാൻ തരിച്ചു നിന്നു . പടച്ചോനെ എന്റെ ആദ്യത്തെ പെണ്ണ് കാണൽ ഇങ്ങനെ ആയല്ലോ .
കല്യാണ ദിവസം തന്നെ തിരിച്ചു സ്വന്തം വീട്ടിലേക്കു മടങ്ങി വരാൻ വിധിക്കപെട്ട എന്റെ കഥ കേട്ട് ബോറടിച്ചോ അവൾ എന്നോട് ചോദിച്ചു . ഇല്ല എന്ന് ഞാൻ പറഞ്ഞു ഞാൻ അകെ ഒരു അമ്പരപ്പിൽ ആയിരുന്നു . ആ കുട്ടിയോട് എനിക്ക് സഹതാപം തോന്നി . ഒന്നും അവളുടെ തെറ്റല്ലാലോ . കല്യാണത്തിന് മുമ്പ് പയ്യനെ പറ്റി ആരും കൂടുതൽ അന്യോഷിച്ചില്ല അങ്ങനെ പറ്റിയയതാ അവൾ പറഞ്ഞു . ഇനിയിപ്പോൾ എന്റെ കഥ കേട്ട് സഹതാപം തോന്നി എന്നെ കെട്ടാം എന്നൊന്നും ആരോടും പറയാൻ നിൽക്കണ്ട . ഞാൻ ഇപ്പോൾ വേറൊരു കല്യാണം കഴിക്കാനുള്ള മാനസിക നിലയിൽ ഒന്നും അല്ല . അതിനിപ്പോൾ ഒരുപാടു സമയം എടുക്കും . ഇതിപ്പോൾ ഞാൻ അറിയാതെയാണ് അച്ഛൻ ഈ പെണ്ണ് കാണൽ ചടങ്ങ് ഏർപ്പാടാക്കിയത് . ഇതൊക്കെ അവൾ എന്നോട് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . ഇനി അധികം സംസാരിക്കുന്നതു നല്ലതല്ല എന്ന് കരുതി ഞാൻ അവളോട് യാത്ര പറഞ്ഞു മുറിയിൽ നിന്നു പുറത്തിറങ്ങി . അളിയനും അവളുടെ അച്ഛനും കോലായിൽ ഇരിക്കുന്നുണ്ട് . അവൾ എന്നോട് പറഞ്ഞ കല്യാണ കഥ അതേപോലെ തന്നെ അവളുടെ അച്ഛൻ എന്റെ അളിയനെയും അറിയിച്ചിരുന്നു . ഞാനും അളിയനും അവരോടു യാത്ര പറഞ്ഞു ഇറങ്ങി
തിരിച്ചുള്ള യാത്രയിൽ അളിയനും ഞാനും ഇതേ കുറിച്ച് സംസാരിച്ചു . റിസ്ക് ഒന്നും എടുക്കേണ്ട . മറ്റുള്ളവരുടെ വിഷമം കണ്ടാൽ മനസ്സലിയുന്ന എന്റെ മനസ്സ് അറിയാവുന്നതു കൊണ്ടാവും അളിയൻ അങ്ങനെ പറഞ്ഞത് . ഇത് ആദ്യത്തെ പെണ്ണ് കാണൽ അല്ലെ ഇനിയെത്ര കിടക്കുന്നു അളിയൻ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു . സത്യം പറഞ്ഞാൽ ആദ്യത്തെ പെണ്ണ് കാണൽ തന്ന അനുഭവം മനസ്സിനെ വല്ലാതെ ഉലച്ചു . ഇന്നത്തോടെ പെണ്ണ് കാണൽ അവസാനിപ്പിച്ച് തിരിച്ചു പ്രവാസ ലോകത്തേക്ക് പോയാൽ ഇനി ലീവ് കിട്ടാൻ രണ്ടു വർഷം എടുക്കും അപ്പോൾ ഇനി കല്യാണം രണ്ടു വർഷം കൂടി വൈകും . ഒരു പെണ്ണ് കാണൽ തന്ന അമ്പരിപ്പിക്കുന്ന അനുഭവത്തിൽ തോറ്റു പോകാൻ മനസ്സ് അനുവദിച്ചില്ല. നടന്ന കഥകൾ ഒക്കെ ഞങ്ങളോട് തുറന്നു പറയാൻ ആ പെൺകുട്ടിയും അവരുടെ കുടുംബവും കാണിച്ച ആ നല്ല മനസ്സിന് നന്ദി പറഞ്ഞു കൊണ്ട് പെണ്ണ് കാണൽ പൂർവ്വാധികം ശക്തിയാക്കാൻ ഞാൻ തീരുമാനിച്ചു ഞാൻ വീണ്ടും മാട്രി മോണിയൽ ഏജൻസിയിൽ പോയി വീണ്ടും കുറെ ജാതകം എടുത്തു എടുത്ത ജാതകങ്ങൾ തമ്മിൽ ചേരാൻ പ്രാർത്ഥിച്ചു കൊണ്ട് കണിയാന്റെ വീട് ലക്ഷ്യമാക്കി നടന്നു ……..

Thursday, April 20, 2017

ഒരു അബ്ര യാത്ര

അബ്രയിലെ ബോട്ടിലൂടെ സഞ്ചരിക്കാൻ ഒരു സുഖം തന്നെയാണ്. ആളുകളുടെ തലയെണ്ണിയാണ് ആളുകളെ ബോട്ടിലേക്ക് കടത്തി വിടുക . ബോട്ടു നിറഞ്ഞാൽ വാതിലിനടുത്തുള്ള സെക്യൂരിറ്റി പിന്നെ ആളെ കടത്തി വിടില്ല. ബോട്ടിൽ കയറിയ ഇരുന്ന ഉടനെ ആളുകളോടൊക്കെ അൽപ്പം അടുത്തേക്ക് നീങ്ങിയിരിക്കാൻ പറയുന്നുണ്ട് ബോട്ട് ഡ്രൈവർ ബോട്ടിൽ എന്റെ അരികിലിരുന്ന പയ്യൻ മുഖം പല ഭാവത്തിൽ വച്ച് സെൽഫി എടുക്കുന്നുണ്ട് . എന്റെ വലതു ഭാഗത്ത് ഇരിക്കുന്നത് ഒരു സിക്കുകാരനും ഭാര്യയുമാണ് . അവരും സെല്ഫിയെടുക്കുകയാണ് . ബോട്ടിന്റെ ഡ്രൈവർ എല്ലാവരോടും കടത്തുകൂലിയായ ഓരോ ദിർഹംസ് വാങ്ങുന്നുണ്ട് . രണ്ടു ദിവസം മുമ്പ് ഇവിടെ നല്ല മഴ പെയ്തിരുന്നു . ഇന്നും മഴക്കോളുണ്ട് , നല്ല തണുപ്പും ഉണ്ട് അതിലുപരി ആകാശം കാണാൻ നല്ല ഭംഗിയുണ്ട് അത് കൊണ്ട് തന്നെ ഞാൻ മൊബൈൽ എടുത്തു ചില ആകാശ കാഴ്ച്ചകൾ പകർത്തി . ബോട്ടു യാത്ര തുടങ്ങിയതും തണുത്ത കാറ്റ് ശരീരത്തിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. ബോട്ടു കരയോട് അടുപ്പിക്കും മുമ്പേ ചിലർ ബോട്ടിൽ നിന്നു കരയിലേക്ക് ചാടി ഇറങ്ങി അക്കരെയെത്തി എനിക്ക് കാണേണ്ട ആൾ കുറച്ചു വൈകും എന്ന് അറിഞ്ഞത് കൊണ്ട് അബ്രയുടെ കരയിൽ തണുത്ത കാറ്റും കൊണ്ടങ്ങനെ നിന്നു അവിടെ ബോട്ടിൽ കയറാൻ വിദേശികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് . തണുപ്പത്തും ഇളനീർ കുടിക്കാൻ വിദേശികളെ ക്ഷണിക്കുന്ന ബംഗാളി പയ്യനെയും , അച്ഛനെയും അമ്മയെയും ദുബായിൽ കൊണ്ട് വന്നു അവരോടൊപ്പം സെല്ഫിയെടുക്കുവാൻ മത്സരിക്കുന്ന മക്കളെയും കാണാം , കടൽ പക്ഷികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കാൻ എല്ലാവരും മത്സരിക്കുന്നുണ്ട് , തണുപ്പായതു കൊണ്ടാവും മിക്കവാറും പ്ലാസ്റ്റിക് കപ്പിലെ ചായയുമായി ആണ് നടന്നു നീങ്ങുന്നത് . കൈ കോർത്ത് പിടിച്ചു നടക്കുന്ന ഭാര്യാ ഭർത്താക്കന്മാരേയും കാണാം , ഫിലിപ്പിനോ കാമുകിയോടൊപ്പം ബെഞ്ചിലിരുന്നു കഥ പറയുന്ന മലയാളി കാമുകനെയും കാണാം . എന്റെ ജോലി ഒക്കെ പെട്ടെന്ന് തന്നെ തീർത്തു വീണ്ടും തിരിച്ചു ചോട്ടാ അബ്രയിലേക്കു വീണ്ടും, സന്ധ്യ സമയം ആയതു കൊണ്ട് തന്നെ ആകാശം കൂടുതൽ സുന്ദരി ആയിരുന്നു. തണുപ്പ് സഹിക്കാവുന്നതിലേറെ ആയിരിക്കുന്നു . ഞാൻ മൊബൈൽ എടുത്തു വീണ്ടും ചില മനോഹര ദൃശ്യങ്ങൾ പകർത്തി . ഓരോ കുഞ്ഞു യാത്രയും അതിന്റെതായ രീതിയിൽ ആസ്വദിച്ചാൽ , എന്നും ഓർമ്മിക്കാനുള്ള , മനസ്സിൽ തങ്ങി നിൽക്കുന്ന നല്ല നിമിഷങ്ങൾ അത് സമ്മാനിക്കും .

പ്രവാസം

വർഷങ്ങൾക്ക് മുമ്പ് വായിച്ച മനസ്സിനെ വേദനിപ്പിച്ച ഒരു പ്രവാസ ലോകത്തെ മരണവാർത്തയാണ് ഈ കഥയ്ക്ക് ആധാരം .

നാരായണേട്ടാ ഒരു നല്ലൊരു സ്റ്റുഡിയോ ഫ്ലാറ്റ് ഉണ്ട് മാസ വാടകയ്ക്ക്നിങ്ങൾ കുറെ കാലം ആയില്ലേ ഭാര്യയെയും മോളെയും ഇങ്ങോട്ടു കൊണ്ടുവരണം എന്ന് പറയുന്നു . ഇതിപ്പോൾ കറന്റും വെളളവും അടക്കം ചെറിയ ഒരു വാടകയേ വരൂ ചെക്ക് ഒന്നും കൊടുക്കണ്ട . വാടക മാസാ മാസം കാശ് ആയിട്ട് കൊടുത്താൽ മതി . വേണമെങ്കിൽ ഇന്ന് തന്നെ പറയണേ നാരാണേട്ടാ അല്ലെങ്കിൽ എനിക്ക് വേറെ ആളെ നോക്കണം എന്ന് അടുത്ത ബിൽഡിങ്ങിൽ സെക്യൂരിറ്റി ആയി ജോലി നോക്കുന്ന നൗഫൽ പറഞ്ഞു. പതിനഞ്ചു വർഷം ആയി പ്രവാസ ജീവിതം നയിക്കുന്നു നാരായണേട്ടൻ ഇപ്പോൾ  ഒരു ഹോട്ടലിലെ ലോൺട്രി മെഷീൻ ഓപ്പറേറ്റർ ആയി ജോലി നോക്കുക ആണ്. നാട്ടിൽ അമ്മയും അച്ഛനും ഭാര്യയും മോളും അടങ്ങിയ ഒരു ചെറിയ കുടുംബം . പഴയ തറവാട്ടിൽ എല്ലാവരും കൂടി താമസിക്കുകയാണ്  . ശമ്പളം കിട്ടിയാൽ നാട്ടിലെ ചെലവിന് കുറച്ചു പൈസ അയക്കും ബാക്കി സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിനായി നീക്കി വയ്ക്കും . കുറേകാലം ആയി ഭാര്യയെയും മകളെയും പ്രവാസ ലോകത്തേക്ക് ഒന്ന് കൊണ്ട് വരിക എന്ന സ്വപ്നവുമായി നടക്കുന്നു .


നന്നായി അധ്വാനിക്കുന്ന നാരായണേട്ടന് വർഷം ശമ്പളം കൂട്ടിക്കിട്ടിയിരുന്നു . ഇപ്പോൾ ചെറിയ വാടകയ്ക്ക് ഒരു റൂമും കിട്ടാനുണ്ട്  അത് കൊണ്ട് തന്നെ നാരായണേട്ടൻ രണ്ടും കൽപ്പിച്ചു ഭാര്യയെയും മോളെയും ഒരു മാസത്തെ വിസയ്ക്ക് ഇങ്ങോട്ടു കൊണ്ടുവരാനുള്ള ഒരു തീരുമാനം അങ്ങെടുത്തു . അന്നത്തെ ഡ്യുട്ടി കഴിഞ്ഞു വന്ന ശേഷം  താമസിക്കുന്ന ബിൽഡിങ്ങിൽ ഉള്ള ട്രാവൽ ഏജൻസിയിൽ പോയി വിസയുടെയും ടിക്കറ്റിന്റെയും ചെലവ് അന്യോഷിച്ചു വന്നു .

അതിനു ശേഷം റൂമിൽ വന്നു . മെസ്സിൽ ഇന്നത്തെ ഭക്ഷണം ഉണ്ടാക്കേണ്ടത് നാരായണേട്ടൻ ആണ് . അത് കൊണ്ട് റൂമിൽ എത്തിയ ശേഷം കുളിച്ചു ഭക്ഷണം ഉണ്ടാക്കി . ജോലി കഴിഞ്ഞു വന്ന റൂം മേറ്റായ പ്രദോഷിനോട് നാരാണേട്ടൻ ഭാര്യയെയും മോളെയും കൊണ്ട് വരുന്ന കാര്യം പറഞ്ഞു . അതേതായാലും നന്നായി എന്തെങ്കിലും സഹായം വേണം എങ്കിൽ എന്നോട് പറയണേ നാരായണേട്ടാ എന്ന് പ്രദോഷ് പറഞ്ഞു . അന്ന് രാത്രി തന്നെ നാരായണേട്ടൻ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു . അടുത്ത ആഴച തന്നെ ഇങ്ങോട്ടു വരേണ്ടി വരും എന്നറിഞ്ഞപ്പോൾ ഭാര്യയ്ക്കും മകൾക്കും ഒരു പാട് സന്തോഷം ആയി മോള് ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതിയതേ ഉള്ളൂ ഇപ്പോൾ അവധിക്കാലം ആണ് അത് കൊണ്ടാണ് കുടുംബത്തെ ഇപ്പോൾ തന്നെ കൊണ്ടുവരാൻ നാരാണേട്ടൻ തീരുമാനിച്ചത് .

ഒരാഴ്ചയേ ഉള്ളു അതിനുള്ളിൽ ബാക്കി കാര്യങ്ങൾ ഒക്കെ ശരിയാക്കണം . റൂമിലേക്ക് എസി, കട്ടിൽ, കിടക്ക, അടുക്കള സാധങ്ങൾ , ഫ്രിഡ്ജ്, ഏസി  എന്നീ അത്യാവശ്യ സാധങ്ങൾ വാങ്ങണം . ഏസിയും, ഫ്രിഡ്ജും ഒക്കെ സെക്കന്റ് ഹാൻഡ് വാങ്ങണം . പുതിയതിനൊക്കെ ഒരുപാട് കാശാവും . പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കെറ്റിൽ പോയാൽ ഒരു സെക്കന്റ് ഹാൻഡ് ഫ്രിഡ്ജും ഏസിയും വാങ്ങാം . വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷം പ്രദോഷിനെയും കൂട്ടി മാർക്കെറ്റിൽ പോയി സെക്കന്റ് ഹാൻഡ് ഫ്രിഡ്ജും ഏസിയും വാങ്ങി വന്നു., ബാക്കിയുള്ള കാര്യങ്ങൾ ശരിയാക്കാൻ നാരായണേട്ടൻ ഓടി നടന്നു

അങ്ങനെ ദിവസം വന്നെത്തി . ഒരു വെള്ളിയാഴ്ച രാവിലെ ആണ് നാരായണേട്ടന്റെ  കുടുംബം എത്തിയത് കൂട്ടുകാരനായ അലിയുടെ കാറിലാണ് നാരായണേട്ടൻ കുടുംബത്തെ സ്വീകരിക്കാൻ എയർപോർട്ടിൽ പോയത് . എയർപോർട്ടിൽ നിന്ന് നേരെ റൂമിലേക്ക് . അന്നത്തെ ഉച്ച ഭക്ഷണത്തിനു അലിയും പ്രദോഷും നാരായണേട്ടന്റെ വീട്ടിൽ ഉണ്ടായിരുന്നു . ഉച്ചക്ക് ശേഷം അലിയുടെ കാറിൽ തന്നെ അവർ അവിടത്തെ ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചു . യാത്രക്കിടയിൽ താൻ ജോലി ചെയ്യുന്ന കമ്പനി നാരാണേട്ടൻ ഭാര്യയ്ക്കും മകൾക്കും ചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു.

രാത്രിലെ ഭക്ഷണം അവർ ഒരുമിച്ചു പുറത്തു നിന്ന് കഴിച്ചു . നാരാണേട്ടനും കുടുംബവും  ഒരുമിച്ചുള്ള ഫോട്ടോകൾ അലി തന്റെ മൊബൈലിൽ എടുക്കുന്നുണ്ടായിരുന്നു . അലി ഫോട്ടോയൊക്കെ എന്റെ വാട്സ് ആപ്പിലേക്ക് ഒന്ന് അയക്കണേ നാരാണേട്ടൻ അലിയോട് പറയുന്നുണ്ടായിരുന്നു . എന്റെ മൊബൈലിൽ ഡാറ്റ ഇല്ല ഞാൻ റൂമിൽ എത്തിയിട്ട് അയച്ചു തരാം എന്ന് അലി ഏറ്റു . കറക്കം ഒക്കെ കഴിഞ്ഞ ശേഷം അലി നാരായണേട്ടനെയും കുടുംബത്തെയും റൂമിന് അടുത്ത് ഡ്രോപ്പ് ചെയ്തു. . നാരായണേട്ടൻ കാറിൽ നിന്നിറങ്ങി നടക്കവേ അലി വിളിച്ചു അല്ല നാരായണേട്ടാ നമ്മുടെ ചിട്ടിയുടെ പൈസ കിട്ടിയിട്ടില്ല . ഇന്നാണ്  അവസാന ദിവസം . ഞാൻ അത് മറന്നു എന്ന് പറഞ്ഞു തിരിച്ചു വന്ന നാരാണേട്ടൻ ചിട്ടിയുടെ പൈസ അലിയെ ഏൽപ്പിച്ചു . അടുത്ത കുറി ഞാൻ വിളിക്കും അലി എന്റെ വീടിന്റെ തറ കെട്ടണം . അത് നമ്മൾ ഉറപ്പിച്ചു വച്ചതല്ലേ നാരായണേട്ടാ അതിൽ ഒരു മാറ്റവും വേണ്ട . നാരായണേട്ടൻ തന്നെ വിളിച്ചോളൂ . നാളെ രാവിലെ കാണാം എന്ന് പറഞ്ഞു അവർ പിരിഞ്ഞു


യാത്ര പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ട് വന്ന മുളക് പൊടിയും മഞ്ഞൾ പൊടിയും ഒക്കെ ഭാര്യയും മകളും ചേർന്ന് ചെറിയ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചു . നാട്ടിൽ നിന്ന് കൊണ്ടുവന്ന ഉണ്ണിയപ്പം പ്രത്യേകം പൊതിഞ്ഞു വച്ചു. അത് നാളെ നാരായണേട്ടന് കമ്പനിയിലേക്ക് കൊണ്ട് പോയി  കൂടെ ജോലി ചെയ്യുന്നവർ ക്കു കൊടുക്കണംഉറങ്ങാൻ കിടക്കുന്നതിനു മുമ്പേ  പ്രവാസ ലോകത്തിൽ തനിക്കുണ്ടായ ചില രസകരമായ സംഭവങ്ങൾ നാരായണേട്ടൻ ഭാര്യക്കും മകൾക്കും മുന്നിൽ അവതരിപ്പിച്ചു . മകൾ വരാന്തയിലേക്ക് പോകാനുള്ള ഗ്ലാസ് ഡോർ നീക്കി വരാന്തയിൽ പോയി നിന്നു കണ്ണെത്താത്തിടത്തോളം മിന്നി കൊണ്ടിരിക്കുന്ന ലൈറ്റുകളും അംബര ചുംബികളായ കെട്ടിടങ്ങളും നോക്കി അവളെങ്ങനെ കുറച്ചു നേരം നിന്നു . മോളെ വാ ഉറങ്ങണ്ടേ . അച്ഛന് നാളെ ജോലിക്കു പോകാൻ ഉള്ളതാ നാരായണേട്ടൻ മോളെ വിളിച്ചു പറഞ്ഞു . മോളെ ടി വി ഓഫാക്കി വരുന്ന വഴിക്കു എസിയുടെ സ്വിച്ച് കൂടി ഒന്നിട്ടോളു അതും പറഞ്ഞു നാരായണേട്ടൻ കട്ടിലിലേക്ക് ഇരുന്നു . ലൈറ്റൊക്കെ ഓഫാക്കി അവർ ഉറങ്ങാൻ കിടന്നു .



എന്നും രാവിലെ അലിയുടെ കാറിൽ ആണ് നാരായണേട്ടൻ ജോലി സ്ഥലത്തേക്ക് പോകുക. പതിവ് പോലെ അലി എത്തി നാരയണേട്ടന്റെ മൊബൈലിൽ ഒരു മിസ് കാൾ കൊടുത്തു നാരായണേട്ടനെയും കാത്തിരുന്നു. പക്ഷെ നാരായണേട്ടൻ എത്തിയില്ല . അലി നാരായണേട്ടൻ ഫോണിൽ വിളിച്ചു ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല . അത് കൊണ്ട് തന്നെ അലി നാരായണേട്ടന്റെ റൂമിനടുത്തേക്കു ചെന്ന്  വാതിലിൽ മുട്ടി . ഒരനക്കവും ഇല്ല . അലി നാരാണേട്ടാ എന്ന് വിളിച്ചു ഡോറിൽ വീണ്ടും മുട്ടി പക്ഷെ അകത്തു നിന്നു ആളനക്കം ഒന്നും കേട്ടില്ല . അലി ആകെ പരിഭ്രാന്തനായി . താഴെ ചെന്ന് അടുത്ത ബിൽഡിങ്ങിൽ സെക്യൂരിറ്റി യെ വിളിച്ചു . ഇത്ര നേരമായും റൂമിനകത്തു നിന്നു ആളനക്കം ഒന്നും കേൾക്കാത്തതിനാൽ നമുക്ക് പോലീസിനെ വിളിക്കാം എന്ന് സെക്യൂരിറ്റി പറഞ്ഞു ഒടുവിൽ പോലീസ് എത്തി റൂം തുറന്നു . റൂമിനകത്തു അലിക്ക് കാണാൻ കഴിഞ്ഞത് അനക്കമില്ലാതെ കിടക്കുന്ന നാരായണേട്ടന്റെയും കുടുംബത്തിന്റെയും മൃതശരീരങ്ങൾ ആയിരുന്നു.  മൃതദേഹങ്ങൾ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ഏസിയിൽ നിന്നു വന്ന വിഷ വാതകം ശ്വസിച്ചാണ്‌ മരണം സംഭവിച്ചത് എന്നാണ് പോലീസ് പറഞ്ഞത് അടുത്ത മാസം കുറി വിളിച്ചെടുത്തു വീട് പണി തുടങ്ങാൻ സ്വപ്നം കണ്ട പ്രിയ കൂട്ടുകാരനും കുടുംബവും ഈ ലോകം വിട്ടുപോയിരിക്കുന്നു. ഇന്നലെ രാത്രി വരെ തന്നോടൊപ്പം ഉണ്ടായിരുന്ന  നാരാണേട്ടനും കുടുംബവും ഇന്നീ ഭൂമിയിൽ ജീവനോടെയില്ല എന്നതു പരമാർത്ഥത്തോട് പൊരുത്തപ്പെടാൻ അലിക്ക് പെട്ടെന്ന് കഴിഞ്ഞില്ല . മരണവാർത്ത നാട്ടിലുള്ള നാരാണേട്ടന്റെ കുടുംബത്തെ അലി വിളിച്ചു പറഞ്ഞു . അലി തന്റെ മൊബൈൽ എടുത്തു ഇന്നലെ റൂമിൽ എത്തിയ ശേഷം നാരാണേട്ടന്റെയും അയച്ചു കൊടുക്കാൻ മറന്നു പോയ തന്റെ മൊബൈലിൽ ഉള്ള നരേണേട്ടന്റെയും കുടുംബത്തിന്റെയും  ഫോട്ടോകളിലൂടെ  കണ്ണോടിച്ചു ആഗ്രഹങ്ങൾ മുഴുമിപ്പിക്കാനാവാതെ ഈ ഭൂമിയിൽ നിന്ന് നടന്നകന്നു പോയ നാരാണേട്ടന്റെയും കുടുംബത്തിന്റെയും മരണ വാർത്ത താങ്ങാൻ അദ്ദേഹത്തിന്റെ നാട്ടിലുള്ള അച്ഛനമ്മമാർക്ക് താങ്ങാൻ കഴിയട്ടെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് നിറകണ്ണുകളോടെ  അലി കോറിഡോറിലൂടെ നടന്നകന്നു ..............
 

Tuesday, April 18, 2017

വിസ

സാറെ ഇത് മൂന്നാമത്തെ വിസിറ്റിംഗ് വിസ ആണ് . കഴിഞ്ഞ രണ്ടു കമ്പനികളിലും മൂന്നു മാസം വീതം ജോലി ചെയ്തു വിസ കാലാവധി കഴിയാറായപ്പോൾ എംപ്ലോയ്മെന്റ് വിസ തരാമെന്നു പറഞ്ഞു നാട്ടിലയച്ചു . കാത്തിരുന്ന് കണ്ണ് കഴച്ചതല്ലാതെ ആരും വിസയൊന്നും അയച്ചു തന്നില്ല . ഇതിപ്പോ മൂന്നാമത്തെ കമ്പനിയാണ് . വിസ കിട്ടുമോ സാറെ സതീശൻ എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു . വിസ തീരാൻ ഇനിയും കുറെ ദിവസങ്ങൾ കൂടി ഉണ്ടല്ലോ സതീശാ പിന്നെ എന്തിനാ ഇത്ര ധൃതി എന്ന് ഞാൻ ചോദിച്ചപ്പോൾ സതീശൻ തല കുനിച്ചിരുന്നു . എന്നിട്ടു പറഞ്ഞു സാറെ ഏകദേശം രണ്ടു ലക്ഷത്തോളം രൂപ ഇപ്പോൾ വിസിറ്റിംഗ് വിസയ്ക്കും ടിക്കറ്റിനുമായി . ഇപ്രാവശ്യവും വിസ കിട്ടിയില്ലെങ്കിൽ ഇനിയൊരു വരവുമുണ്ടാകില്ല കാരണം ഇനി എന്തെങ്കിലും വിൽക്കാനോ, പലിശയ്ക്ക് കടം വാങ്ങാനോ എനിക്ക് കഴിയില്ല . അച്ഛൻ കിടപ്പിലാണ് സാർ  വീട്ടിൽ എനിക്ക് താഴെ രണ്ടു പെൺകുട്ടികളാണ് ഉള്ളത് ഒരാൾ ഡിഗ്രിക്കും മറ്റെയാൾ പ്ലസ് ടു വിനും പഠിക്കുന്നു . അച്ഛന്റെ ചികിത്സയ്ക്കും  അനിയത്തിമാരുടെ പഠിപ്പിനും ഒക്കെ ഞാൻ തന്നെ ചോര നീരാക്കണം സാർ. മൂന്നു വിസിറ്റില് വന്നിട്ടും ഇതുവരെ സ്ഥിരമായ ജോലിയോ വിസയോ കിട്ടാത്ത ഞാൻ ഒരു ഭാഗ്യം ഇല്ലാത്തവനാ. കമ്പനിയിലെ ജോലി എനിക്ക് അവസാനത്തെ ഒരു കച്ചിത്തുരുമ്പാണ് എന്ന് എന്നോട് പറഞ്ഞപ്പോൾ സതീശന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

സതീശൻ ഈയടുത്തു കമ്പനിയിൽ ജോലിക്കു ചേർന്നതാണ് . സതീശന്റെ വിഷമങ്ങൾ ഒക്കെ അറിയാവുന്ന റൂം മേറ്റായ കാദറിക്ക അവനോടു സിവിയുമായി ഞങ്ങളുടെ  കമ്പനിയിലേക്കു വരാൻ പറഞ്ഞതാണ് . കിച്ചണിൽ ഒരു ഹെൽപ്പറുടെ ഒഴിവു ഉള്ളത് കൊണ്ട് സതീശനെ കമ്പനി ഒഴിവിലേക്ക് നിയമിച്ചു താമസവും ഭക്ഷണവും , ട്രാൻസ്പോർട്ടേഷനും കമ്പനി കൊടുക്കും  . ശമ്പളമായി ആയിരത്തി ഇരുനൂറു ദിർഹംസും . ഓഫർ ലെറ്റെറിൽ ഒപ്പു വയ്ക്കാൻ വന്ന സതീശന്റെ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു .


സതീശാ പേടിക്കേണ്ട നമ്മുടെ കമ്പനി ഇതുവരെ ആരെയും വിസ കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചിട്ടില്ല . അത് കൊണ്ട് സതീശൻ പോയി ജോലി ചെയ്യൂ . എക്സിക്യൂട്ടീവ് ഷെഫിന്റെ ശുപാർശ കിട്ടിയാൽ മാത്രമേ എംപ്ലോയ്മെന്റ് വിസക്കുള്ള നടപടികൾ തുടങ്ങാൻ പറ്റൂ . അത് കൊണ്ട് പോയി ജോലിയിൽ ശ്രദ്ധിക്കൂ . ശരി സാർ എന്നും പറഞ്ഞു ഓഫീസിൽ നിന്ന് സതീശൻ ഇറങ്ങി . സതീശന്റെ ട്രയൽ പിരിയഡിലെ പെർഫോമൻസിനു അനുസരിച്ചാണ് വിസ കൊടുക്കണോ  വേണ്ടയോ എന്ന് തീരുമാനിക്കുക . കഠിനാധ്വാനിയായ സതീശന് ജോർദാനി ഷെഫിന്റെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാൻ അധിക സമയം വേണ്ടി വന്നില്ല . വിസയ്ക്കുള്ള ഫോർമാലിറ്റികൾ  തുടങ്ങാൻ കമ്പനി മംദൂപിനോട് ഞാൻ പറഞ്ഞു . ദിവസങ്ങൾ കഴിഞ്ഞു പോയി ഭക്ഷണം കഴിക്കാൻ കഫ്റ്റീരിയയിൽ പോയി വരുമ്പോൾ സതീശനെ ഞാൻ വീണ്ടും കണ്ടു . തലയിൽ നെറ്റ്  ക്യാപ് വച്ച് കറുത്ത പാന്റും കറുത്ത വലിയ കുടുക്കുള്ള വെളുത്ത  ഹാഫ് കൈ ഷർട്ടും ധരിച്ചിട്ടുണ്ട് സതീശൻ . അതാണ് സതീശന്റെ യൂണിഫോം . എന്തൊക്കെയാ സതീശാ ജോലിയൊക്കെ എങ്ങനെ പോകുന്നു എന്ന എന്റെ ചോദ്യത്തിന് എല്ലാം ഉഷാറായി പോകുന്നു സാർ എന്ന് മറുപടി പറഞ്ഞു സതീശൻ നടന്നകന്നു . സതീശന് എന്നോട് വേറെ എന്തോ ചോദിക്കണം എന്നുണ്ടായിരുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു . വിസയുടെ കാര്യം ആയിരിക്കണം . കൂടെ കൂടെ ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിക്കാണും പാവം.



ഇനിയിപ്പോൾ വിസിറ്റിങ് വിസ തീരാൻ ഒരാഴ്ചയേ ഉള്ളൂ. ലേബർ അപ്പ്രൂവൽ കിട്ടിയിട്ടിയിട്ടില്ല ഇനിയിപ്പോൾ വിസയൊക്കെ കിട്ടാൻ രണ്ടാഴ്ച ഒക്കെ ആവും അത് കൊണ്ട് സതീശനെ നാട്ടിലേക്കു അയക്കാൻ കമ്പനി തീരുമാനിച്ചു . വിസ തീരുന്നതിന്റെ അവസാന ദിവസം സതീശൻ വീണ്ടും ഓഫീസിൽ വന്നു . അന്ന് വരെയുള്ള സാലറി അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ പോയി വാങ്ങി വരാൻ പറഞ്ഞു . അതും വാങ്ങി സതീശൻ പിന്നെയും ഓഫീസിൽ എത്തി . സതീശന്റെ കയ്യിൽ റിട്ടേൺ ടിക്കറ്റ് ഉണ്ട് . ഞാൻ പാസ്പോര്ട്ട് സൂക്ഷിക്കുന്ന സേഫിൽ നിന്ന് പാസ്പോർട്ട് എടുത്തു സതീശന് കൊടുത്തു . സതീശന്റെ നാട്ടിലെ നമ്പറും ഇമെയിൽ ഐഡിയും വാങ്ങി . സതീശാ വിസ കിട്ടിയാൽ ഞാൻ വിളിക്കാം വിസ മെയിൽ ഐഡിയിൽ അയച്ചു തരികയും ചെയ്യാൻ എന്ന് ഞാൻ പറഞ്ഞു . വിസ കിട്ടുമല്ലോ സാറെ സതീശൻ വീണ്ടും ചോദിച്ചു . കിട്ടും സതീശാ നാട്ടിൽ പോയി കുടുംബത്തെ ഒക്കെ കണ്ടു കുറച്ചു ദിവസം ചിലവഴിക്കൂ അപ്പോഴേക്കും വിസ ശരിയാവും . എനിക്ക് നാട്ടിലേക്കു പോകണം എന്നില്ല  സാറെ . ഇതിപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് നാട്ടിലേക്കു തിരിച്ചു പോകുന്നത് . വിസ വരും എന്ന് നാട്ടുകാരോടും കൂട്ടുകാരോടും പറയുമ്പോൾ കുറച്ചു ചമ്മലാണ് . കാരണം കഴിഞ്ഞ രണ്ടു തവണയും കാത്തിരുന്ന് മടുത്തിട്ടാ വീണ്ടും വിമാനം കയറിയത് . ഇപ്പ്രാവശ്യം എന്തായാലും വിസ കിട്ടും സതീശാ ഞാൻ സതീശനെ സമാധാനിപ്പിച്ചു . പാസ്സ്പോർട്ടും വാങ്ങി സതീശൻ ഓഫീസിൽ നിന്നിറങ്ങി .
സതീശൻ നാട്ടിൽ പോയി . നാട്ടിൽ എത്തിയതിനു ശേഷം സതീശൻ വിസയുടെ കാര്യങ്ങൾ അന്യോഷിക്കാൻ വിളിച്ചതൊന്നുമില്ല. ദിവസങ്ങൾ കടന്നു പോയി . ഒടുവിൽ സതീശന്റെ വിസ കിട്ടി. മംദൂപ് അതെന്നെ ഏല്പിച്ചു . വിസ സ്കാൻ ചെയ്തു അത് സതീശൻ തന്ന മെയിൽ ഐഡിയിലേക്കുഅയച്ചു. അതിനു ശേഷം സതീശനെ വിളിച്ചു പറയാൻ സതീശൻ തന്ന മൊബൈൽ നമ്പറിലേക്കു വിളിച്ചു . മൊബൈൽ സ്വിച്ച് ഓഫ് ആണ് എന്നുള്ള മെസേജ് ആണ് കിട്ടിയത് . സതീശന് ഏറ്റവും സന്തോഷം നൽകുന്ന വാർത്ത പറയാൻ വിളിച്ചപ്പോൾ അയാളുടെ മൊബൈൽ സ്വിച്ച് ഓഫ് . സതീശൻ എവിടെ പോയി കിടക്കുകയാ എന്ന് മനസ്സിൽ പറഞ്ഞു നമ്പറിലേക്ക് ഒന്ന് കൂടി ഡയൽ ചെയ്തു . ഫലം ഒന്നും ഉണ്ടായില്ല അപ്പോഴും സ്വിച്ച് ഓഫ് തന്നെ . അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു . അടുത്ത ദിവസം ഞാൻ വീണ്ടും വിളിച്ചു വിസ റെഡി ആണ് എന്ന് ഞാൻ പറയുമ്പോൾ സതീശന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ കേൾക്കാനായി പക്ഷെ നിരാശ ആയിരുന്നു ഫലം . അടുത്തടുത്ത ദിവസങ്ങളിൽ മാറി മാറി വിളിച്ചിട്ടും സതീശന്റെ മൊബൈൽ സ്വിച്ച് ഓഫ് തന്നെ . ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വന്ന കിച്ചണിൽ ജോലി ചെയ്യുന്ന ബാബുവിനോട് ഞാൻ സതീശന്റെ കാര്യം പറഞ്ഞു . വിസ കിട്ടിയെന്നും അത് പറയാൻ അവനെ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും പറഞ്ഞു . സാർ ഞാൻ നിങ്ങളെ വിളിക്കാനിരിക്കുകയായിരുന്നു . നാട്ടിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു അവനാണ് സതീശന് ഒരു അപകടം പറ്റിയ കാര്യം പറഞ്ഞത്. നാട്ടിലെത്തിയ സതീശൻ ജോലിക്കു പോയി തുടങ്ങിയിരുന്നു . സുഹൃത്തായ വിനോദിന്റെ ചെങ്കൽ ക്വാറിയിൽ  നിന്ന് കയറ്റിയ കല്ലുമായി പോയ ലോറിയിൽ സതീശനും ഉണ്ടായിരുന്നു ലോറിയും ബസും കൂടി മുട്ടി ലോറി ഡ്രൈവർ മരിച്ചു സതീശൻ ഒരാഴ്ചയായി സിയുവിൽ ആണ്പാവം വിസയ്ക്കായി കാത്തിരിക്കുകയായിരുന്നു.  എന്ത് പറയണം എന്നറിയാതെ ഞാൻ തിരിച്ചു ഓഫീസിലേക്ക് നടന്നു .



അന്ന് വൈകീട്ട് തന്നെ ബാബു വീണ്ടും വിളിച്ചു സാർ സതീശൻ മരിച്ചു . എന്റെ കൈകാലുകൾ മരവിച്ചു കണ്ണുകൾ നിറഞ്ഞു ഓഫീസിലെ വലിപ്പിൽ വച്ചിരുന്ന സതീശന്റെ വിസ ഞാൻ എടുത്തു അതിൽ എനിക്ക് സതീശന്റെ മുഖം കാണാമായിരുന്നുഇനി വിസയൊന്നും വേണ്ട സാർ വിസയൊന്നും വേണ്ടാത്ത ആർക്കും എപ്പോഴും കേറി ചെല്ലാൻ കഴിയുന്ന ഒരു ലോകത്തേക്ക് പോവുകയാണ് ഞാൻ എന്ന് അവൻ  എന്നോട് ചിരിച്ചു കൊണ്ട് പറയുന്നത് പോലെ എനിക്ക് തോന്നി  . എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ ആ വിസയിലേക്കു അടർന്നു വീണു.