Thursday, April 20, 2017

ഒരു അബ്ര യാത്ര

അബ്രയിലെ ബോട്ടിലൂടെ സഞ്ചരിക്കാൻ ഒരു സുഖം തന്നെയാണ്. ആളുകളുടെ തലയെണ്ണിയാണ് ആളുകളെ ബോട്ടിലേക്ക് കടത്തി വിടുക . ബോട്ടു നിറഞ്ഞാൽ വാതിലിനടുത്തുള്ള സെക്യൂരിറ്റി പിന്നെ ആളെ കടത്തി വിടില്ല. ബോട്ടിൽ കയറിയ ഇരുന്ന ഉടനെ ആളുകളോടൊക്കെ അൽപ്പം അടുത്തേക്ക് നീങ്ങിയിരിക്കാൻ പറയുന്നുണ്ട് ബോട്ട് ഡ്രൈവർ ബോട്ടിൽ എന്റെ അരികിലിരുന്ന പയ്യൻ മുഖം പല ഭാവത്തിൽ വച്ച് സെൽഫി എടുക്കുന്നുണ്ട് . എന്റെ വലതു ഭാഗത്ത് ഇരിക്കുന്നത് ഒരു സിക്കുകാരനും ഭാര്യയുമാണ് . അവരും സെല്ഫിയെടുക്കുകയാണ് . ബോട്ടിന്റെ ഡ്രൈവർ എല്ലാവരോടും കടത്തുകൂലിയായ ഓരോ ദിർഹംസ് വാങ്ങുന്നുണ്ട് . രണ്ടു ദിവസം മുമ്പ് ഇവിടെ നല്ല മഴ പെയ്തിരുന്നു . ഇന്നും മഴക്കോളുണ്ട് , നല്ല തണുപ്പും ഉണ്ട് അതിലുപരി ആകാശം കാണാൻ നല്ല ഭംഗിയുണ്ട് അത് കൊണ്ട് തന്നെ ഞാൻ മൊബൈൽ എടുത്തു ചില ആകാശ കാഴ്ച്ചകൾ പകർത്തി . ബോട്ടു യാത്ര തുടങ്ങിയതും തണുത്ത കാറ്റ് ശരീരത്തിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. ബോട്ടു കരയോട് അടുപ്പിക്കും മുമ്പേ ചിലർ ബോട്ടിൽ നിന്നു കരയിലേക്ക് ചാടി ഇറങ്ങി അക്കരെയെത്തി എനിക്ക് കാണേണ്ട ആൾ കുറച്ചു വൈകും എന്ന് അറിഞ്ഞത് കൊണ്ട് അബ്രയുടെ കരയിൽ തണുത്ത കാറ്റും കൊണ്ടങ്ങനെ നിന്നു അവിടെ ബോട്ടിൽ കയറാൻ വിദേശികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് . തണുപ്പത്തും ഇളനീർ കുടിക്കാൻ വിദേശികളെ ക്ഷണിക്കുന്ന ബംഗാളി പയ്യനെയും , അച്ഛനെയും അമ്മയെയും ദുബായിൽ കൊണ്ട് വന്നു അവരോടൊപ്പം സെല്ഫിയെടുക്കുവാൻ മത്സരിക്കുന്ന മക്കളെയും കാണാം , കടൽ പക്ഷികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കാൻ എല്ലാവരും മത്സരിക്കുന്നുണ്ട് , തണുപ്പായതു കൊണ്ടാവും മിക്കവാറും പ്ലാസ്റ്റിക് കപ്പിലെ ചായയുമായി ആണ് നടന്നു നീങ്ങുന്നത് . കൈ കോർത്ത് പിടിച്ചു നടക്കുന്ന ഭാര്യാ ഭർത്താക്കന്മാരേയും കാണാം , ഫിലിപ്പിനോ കാമുകിയോടൊപ്പം ബെഞ്ചിലിരുന്നു കഥ പറയുന്ന മലയാളി കാമുകനെയും കാണാം . എന്റെ ജോലി ഒക്കെ പെട്ടെന്ന് തന്നെ തീർത്തു വീണ്ടും തിരിച്ചു ചോട്ടാ അബ്രയിലേക്കു വീണ്ടും, സന്ധ്യ സമയം ആയതു കൊണ്ട് തന്നെ ആകാശം കൂടുതൽ സുന്ദരി ആയിരുന്നു. തണുപ്പ് സഹിക്കാവുന്നതിലേറെ ആയിരിക്കുന്നു . ഞാൻ മൊബൈൽ എടുത്തു വീണ്ടും ചില മനോഹര ദൃശ്യങ്ങൾ പകർത്തി . ഓരോ കുഞ്ഞു യാത്രയും അതിന്റെതായ രീതിയിൽ ആസ്വദിച്ചാൽ , എന്നും ഓർമ്മിക്കാനുള്ള , മനസ്സിൽ തങ്ങി നിൽക്കുന്ന നല്ല നിമിഷങ്ങൾ അത് സമ്മാനിക്കും .

No comments:

Post a Comment