Thursday, May 11, 2017

ഇഖ്ബാൽ ബായി



ഇഖ്ബാൽ ബായി

******************************

റൂം വാടകയ്ക്ക് എന്ന പരസ്യം കണ്ടാണ് ഇഖ്ബാൽ ഭായിയെ ആദ്യമായി വിളിക്കുന്നത് . റൂമിനെ പറ്റി തിരക്കിയപ്പോൾ രണ്ടു ബെഡ്റൂം ഫ്ലാറ്റിൽ ഒരു റൂമിൽ അദ്ദേഹം താമസിക്കുന്നു മറ്റേ ബെഡ് റൂം കാലിയാണ്. ആ റൂമിലേക്കാണ് ആളെ നോക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു . വൈകുന്നേരം വന്നാൽ റൂം കാണാമെന്നു പറഞ്ഞു . അങ്ങനെ അന്ന് വൈകുന്നേരം ഞാനും അനിയനും കൂടി ഇഖ്ബാൽ ബായി പറഞ്ഞ റൂം കാണാൻ പോയി . അമ്പതു വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന നരച്ച വലിയ താടിയുള്ള ജൂബ ധരിച്ച ഇഖ്ബാൽ ബായി ബോംബേക്കാരൻ ആണ് ഇപ്പോൾ ഭാര്യയും മകളും വിസിറ്റിങ് വിസയ്ക്ക് കൂടെയുണ്ട് അവർ അടുത്ത മാസം തിരുച്ചു പോകും .ഞങ്ങൾ റൂം കണ്ടു . ആ റൂമിൽ മലയാളികളായ ബാച്ചിലേഴ്സ് ആയിരുന്നു താമസിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു . റൂമിന്റെ വാടകയും മറ്റും ചർച്ച ചെയ്തു ഞങ്ങൾ പിരിയാൻ നേരത്തെ അദ്ദേഹം ചായക്ക് ക്ഷണിച്ചു . പക്ഷെ ഞങ്ങൾ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു . റൂമും പരിസരവും ഇഷ്ടപെട്ട ഞങ്ങൾ ആ റൂമിലേക്ക് മാറാൻ തന്നെ തീരുമാനിച്ചു . രണ്ടു ദിവസത്തിന് ശേഷം ഞങ്ങൾ റൂം ഷിഫ്റ്റ് ചെയ്തു . ഒരു മാസത്തെ വാടക അഡ്വാൻസ് ആയി കൊടുക്കാൻ പറഞ്ഞിരുന്നതിനാൽ റൂം മാറിയതിന്റെ അടുത്ത ദിവസം തന്നെ ആ തുക അദ്ദേഹത്തിന് കൊടുത്തു . ഞാൻ രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയിൽ റൂമിന്റെ അടുത്ത് വച്ച് കണ്ട ഇഖ്ബാൽ ഭായിക്ക് ഞാൻ ആ തുക കൊടുത്തു . അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ മുമ്പിൽ ഇഖ്ബാൽ ഭായിയെ പോലെ നരച്ച താടിയും തൊപ്പിയും ജൂബയും ഇട്ട വേറൊരാൾ . പടച്ചോനെ ഇനി ഞാൻ ഇഖ്ബാൽ ബായി ആണെന്ന് വിചാരിച്ച കാശു കൊടുത്ത് വേറെ ആർക്കെങ്കിലും ആണോ . സംശയം തീർക്കാൻ ഇപ്പോൾ കണ്ട ആളോട് ഞാൻ ഇഖ്ബാൽ ബായി ആണോ എന്ന് ചോദിച്ചു . അപ്പോൾ അയാൾ അല്ല എന്ന് മറുപടി പറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയത്.


ദിവസങ്ങൾ കഴിഞ്ഞു ഞാനും അനിയനും ഇഖ്ബാൽ ബായിയുമായി കൂടുതൽ അടുത്തു . ഇഖ്ബാൽ ബായി ഭക്ഷണ പ്രിയനാണ് . അദ്ദേഹം മലയാളി വിഭവങ്ങളുടെ ഒരു ആരാധകൻ കൂടി ആണ് . മലയാളികളുടെ പല ഭക്ഷണ സാധനങ്ങളുടെയും പേര് മൂപ്പർക്ക് മനഃപാഠമാണ് . ബായി ഒരു നല്ല പാചകക്കാരൻ കൂടി ആണ് . കുറേക്കാലം മലയാളികളുമായി താമസിച്ച ബായി അത്യാവശ്യം മലയാളവും സംസാരിക്കുമായിരുന്നു . ഞങ്ങൾ എല്ലാവർക്കും കൂടി ഉള്ള ചോറ് ഇലക്ട്രിക് കുക്കറിൽ ഉണ്ടാക്കും കറികൾ മിക്കവാറും ഉണ്ടാക്കുന്നത് ബായി ആയിരിക്കും . ബോംബയിൽ നിന്ന് കൊണ്ട് വന്ന മസാല കൂട്ടുകൾ ഒരുപാടുണ്ട് ഭായിയുടെ കയ്യിൽ . അതൊക്കെ ഇട്ടു പല തരത്തിലുള്ള ചിക്കൻ, മട്ടൻ കറികൾ ബായി ഉണ്ടാക്കും . എന്റെ ഒരു സുഹൃത്ത് അവന്റെ കല്യാണം ഉറപ്പിച്ചതിന്റെ ചിലവുമായി ഞങ്ങളുടെ റൂമിൽ കുറെ കെ എഫ് സി യുമായി വന്നിരുന്നു . അന്ന് ബാക്കി വന്ന കെ എഫ് സി ഉപയോഗിച്ച് അടുത്ത ദിവസം ഒരു സൂപ്പർ ചിക്കൻ വിഭവം ഉണ്ടാക്കി ബായി . ഭക്ഷണം വേസ്റ്റ് ആക്കുന്ന കാര്യം തീരെ ഇഷ്ടമല്ല ഭായിക്ക്. വിദ്യാഭ്യാസവും ആരോഗ്യവും ആണ് ഏറ്റവും വലിയ സമ്പത്ത് എന്ന് വിശ്വസിക്കുന്ന ആളാണ് ബായി . ശരിയായ ഭക്ഷണം കഴിക്കാതെ പൈസ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല . അങ്ങനെ ഉണ്ടാക്കുന്ന പൈസ ഒക്കെ എന്തെങ്കിലും അസുഖം വന്നാൽ അങ്ങ് പോകും അത് കൊണ്ട് നല്ല ഭക്ഷണം വാങ്ങുന്നതിലും കഴിക്കുന്നതിലും പിശുക്കു കാണിക്കരുത് എന്ന് പലപ്പോഴും പറഞ്ഞിരുന്നു ബായി. ബാത്ത് റൂം , കിച്ചൻ എന്നിവ ക്ളീൻ ചെയ്യാൻ പല തരത്തിലുള്ള ഐഡിയകൾ ഞങ്ങൾക്ക് പറഞ്ഞു തരും . അടുക്കളയിലെ പാറ്റ ശല്യം ഇല്ലാതാക്കാൻ , രാത്രി കിച്ചണിലെ ജോലി ഒക്കെ കഴിഞ്ഞാൽ ഡെറ്റോളും വാഷിംഗ് പൗഡറും ഒക്കെ ചേർത്തുള്ള ഒരു മിശ്രിതം അടുക്കളയിൽ സ്പ്രേ ചെയ്യും. ഹാർട്ടിന് ചെറിയ എന്തോ തകരാറുള്ള ബായി റൂമിൽ ഒരു ട്രെഡ്മിൽ യന്ത്രം വാങ്ങി വച്ചിട്ടുണ്ട് . ദിവസവും കുറച്ചു എക്സർസൈസും , ട്രെഡ് മില്ലിലുള്ള ഓട്ടവും ഒക്കെ അദ്ദേഹത്തിന്റെ ദിനചര്യകൾ ആണ്.


ഇഖ്ബാൽ ബായി ജോലി ചെയ്യുന്നത് ഒരു പ്രശസ്തമായ പെർഫ്യൂം കമ്പനിയിൽ അന്ന് . ഇരുപത്തി അഞ്ചു വർഷമായി ഇതേ കമ്പനിയിൽ സെയിൽസിൽ ജോലി ചെയ്യുന്നു . ഒരാണും രണ്ടു പെൺമക്കളും ആണ് ഭായിക്ക് . മൂത്ത മകളുടെ കല്യാണം കഴിഞ്ഞു . ബാക്കിയുള്ള രണ്ടു മക്കൾ നാട്ടിൽ പഠിക്കുകയാണ് . ഇരുപത്തി അഞ്ചു വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ബായിക്കു നാട്ടിലേക്കാളും ഇവിടെ തന്നെ തുടരുന്നതിലാണ് താത്പര്യം . റൂമിലേക്ക് ആവശ്യം ഉള്ള പലചരക്കു സാധനങ്ങൾ ഞങ്ങൾ ഒരുമിച്ചാണ് വാങ്ങാൻ പോവുക . നല്ലതും വില കുറവും ആയ സാധനങ്ങൾ എവിടെ കിട്ടും എന്ന് ഭായിക്ക് നന്നായി അറിയാം . ചില വ്യാഴാഴ്ചകളിൽ രാത്രിയിലെ ഭക്ഷണം ഞങ്ങൾ പുറത്തു നിന്നാണ് കഴിക്കാറ് . കാരണം ആഴചയിൽ ഒരിക്കൽ എങ്കിലും കേരള റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചില്ലെങ്കിൽ മൂപ്പർക്ക് ഉറക്കം വരില്ല . അത് കൊണ്ട് തന്നെ കാലിക്കറ്റ് നോട്ട് ബുക്ക് , റെഡ് പേപ്പർ , വൈഡ് റേഞ്ച് , നെല്ലറ അങ്ങനെ ഓരോ ആഴ്ചയിലും ഓരോരോ റെസ്റ്റാറ്റാന്റിൽ പോവും . നാട്ടിലേക്കു വീഡിയോ കാൾ ചെയ്യുമ്പോൾ എന്നെയും അനിയനെയും വിളിക്കും എന്നിട്ടു കുടുബത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരും .


ആഴചയിൽ ഒരിക്കൽ അദ്ദേഹം കൊണ്ടുവന്നു തരുന്ന പേപ്പറിൽ എഴുതിയ സെയിൽസ് റിപ്പോർട്ട് എക്സൽ ഷീറ്റിൽ ആക്കി ഭായിയുടെ മാനേജർക്ക് മെയിൽ ആയി അയച്ചു കൊടുക്കാറ് ഞാൻ ആയിരുന്നു .. റൂമിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങൾ സ്വന്തം കമ്പനിയെ പറ്റി സംസാരിക്കും . നാട്ടിലുള്ള മോന് പറ്റിയ ജോലി വല്ലതും ഉണ്ടെങ്കിൽ പറയണം എന്ന് അദ്ദഹം ഇപ്പോഴും പറയും . പണ്ട് ബായിയോടൊപ്പം താമസിച്ച ഒരു മലയാളി കുടുംബം ചിലപ്പോഴൊക്കെ ഭായിയെ കാണാൻ വരാറുണ്ടായിരുന്നു . അവർ വരുമ്പോൾ ഭായിക്ക് ഇഷ്ടപ്പെട്ട കേരളം വിഭവങ്ങളും കൊണ്ട് വരാറുണ്ടായിരുന്നു . അവിടെ താമസിച്ച എല്ലാവരുമായും ഭായിക്ക് ഊഷ്മളമായ ഒരു ബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് റൂം വിട്ടു പോയിട്ടും എല്ലാവരും ഭായിയെ കാണാൻ പിന്നെയും ഭക്ഷണ പൊതിയുമായി എത്തിയത് .


അങ്ങനെ ഇരിക്കെ ഒരു ദിവസം ഭക്ഷണം കഴിക്കാനിരിക്കെ ഇഖ്ബാൽ ബായി ദുഃഖിതനായി കാണപ്പെട്ടു . കാര്യം ചോദിച്ചപ്പോൾ കമ്പനി ഇനി വിസ പുതുക്കില്ല എന്ന് പറഞ്ഞു . കാരണം ഇപ്പോൾ മൂപ്പർക്ക് അറുപതു വയസ്സ് കഴിഞ്ഞു . അറുപതു വയസ്സ് കഴിഞ്ഞ ആൾക്ക് വിസ പുതുക്കണം എങ്കിൽ എക്സ്ട്രാ പൈസ വേണ്ടി വരും . അത് കൊണ്ട് കമ്പനി അതിനൊന്നും തയ്യാറല്ല . വേറെ ജോലി നോക്കിക്കോ എന്ന് പറഞ്ഞു . യെ ഉമ്രു മേ മേരെ കോ കോൻ ജോബ് ദേഗാ (ഈ പ്രായത്തിൽ എനിക്ക് ആര് ജോലി തരാനാ) എന്ന് ഞങ്ങളോട് ബായി ചോദിച്ചു . ഇനി ഇപ്പോൾ തിരിച്ചു പോകുകയേ രക്ഷയെ ഉള്ളൂ അല്ലെങ്കിൽ ഇവിടെ എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങണം അതിനാണെകിൽ കയ്യിൽ കാശും ഇല്ല.


ഇനിയിപ്പോൾ നാട്ടിലേക്കു പോകുകയേ തരമുള്ളു . അതിനിടയിൽ മകനെ ഇങ്ങോട്ടു കൊണ്ട് വന്നു ഒരു ജോലി ശരിയാക്കി കൊടുക്കണം . അതായിരുന്നു ഭായിയുടെ സ്വപ്നം . അങ്ങനെ അദ്ദേഹം മകനെ വിസിറ്റിങ് വിസയ്ക്ക് കൊണ്ട് വന്നു അങ്ങനെ ഞങ്ങൾ നാലു പേർ ആയി റൂമിൽ . ഞങ്ങൾക്കൊക്കെ അറിയാവുന്ന ആളുകൾക്കൊക്കെ ഭായിയുടെ മകന്റെ സിവി അയച്ചു കൊടുത്തു ഒടുവിൽ ബായി ആഗ്രഹിച്ചത് പോലെ ഒരു ജോലി കിട്ടുകയും ചെയ്തു . പക്ഷെ പ്രവാസ ജീവിതം മതിയാക്കി പോകാൻ ഭായിക്ക് തീരെ ഇഷ്ടം ഇല്ലായിരുന്നു . ഇരുപത്തി അഞ്ചു വർഷമായി തുടരുന്ന ദിനചര്യകളിൽ നിന്ന് നാട്ടിലേക്കു ഒരു പറിച്ചു നടൽ . ദീർഘ കാലം പ്രവാസ ജീവിതം നയിക്കുന്ന ഒരാൾക്ക് അത് അത്ര എളുപ്പം ആവില്ല .


എന്റെ കുടുംബം തിരിച്ചു വരുന്നത് കൊണ്ട് ഞാൻ ഷാർജയിൽ ഒരു ഫ്ലാറ്റ് ഏർപ്പാടാക്കി അങ്ങോട്ട് മാറി . അനിയൻ അവന്റെ കമ്പനിയുടെ അടുത്തുള്ള ഒരു റൂമിലേക്കും മാറി . ഇഖ്ബാൽ ബായിയുമായുള്ള ബന്ധം വെറും ഫോൺ കോളുകളിൽ ഒതുങ്ങി . അതങ്ങനെ ആണല്ലോ ജീവിത പാച്ചിലിനിടയിൽ , പ്രവാസ ലോകത്തെ യാന്ത്രിക ജീവിതത്തിനിടയിൽ ചില ബന്ധങ്ങളൊക്കെ ക്ലാവ് പിടിച്ചു തുടങ്ങും . കുടുംബം വന്നാൽ മോളെ കാണിക്കാനായി ഒരു ദിവസം ഞാൻ വരാം എന്ന് ബായിയോട് പറഞ്ഞിരുന്നു . എന്റെ കുടുംബം വന്നതിനു ശേഷം എന്റെ മകളെ കാണിക്കാൻ ഞാൻ വീണ്ടും ഇഖ്ബാൽ ഭായിയുടെ റൂമിൽ പോയി. അടുത്ത തവണ വരുമ്പോൾ ഭായിക്ക് ഇഷ്ടപ്പെട്ട കേരള മോഡലിലുള്ള ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരും എന്ന് ബായിയോട് ഞാൻ പറഞ്ഞു.


ആ വാക്ക് പാലിക്കാനായി കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കേരള രീതിയിലുള്ള ഭക്ഷണം ഉണ്ടാക്കി അതുമായി ഞാനും കുടുംബവും ഇഖ്ബാൽ ഭായിയെ കാണാൻ പോയി. ഫോൺ ചെയ്തപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി .

അദ്ദേഹത്തിന്റെ റൂമിനു വെളിയിൽ നിന്ന് ബെല്ലടിച്ചപ്പോൾ ഒരാൾ വാതിൽ തുറന്നു വന്നു . പുതിയ താമസക്കാരൻ ആണ് . കഴിഞ്ഞ ആഴ്ച മുതൽ താമസം തുടങ്ങിയതാണ് . അപ്പോൾ ഇഖ്ബാൽ ബായി എവിടെ പോയി . ഒന്ന് കൂടി ഇഖ്ബാൽ ഭായിയുടെ നമ്പറിലേക്കു വിളിച്ചു നോക്കി പക്ഷെ മൊബൈൽ സ്വിച്ച് ഓഫ് തന്നെ . അതുകൊണ്ടു ഞാൻ ഭായിയുടെ മകനെ വിളിച്ചു . അപ്പോഴാണ് അറിഞ്ഞത് കഴിഞ്ഞ ആഴ്ച ഇഖ്ബാൽ ബായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയിരിക്കുന്നു . മനസ്സ് കൊണ്ട് പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും വേറെ ഗതിയില്ലാതെ ബായി തിരിച്ചു പോയിരിക്കുന്നു . ഭായിക്ക് വേണ്ടി ഉണ്ടാക്കി കൊണ്ട് വന്ന ഭക്ഷണം ഭായിക്ക് കൊടുക്കാൻ പറ്റാത്ത വിഷമത്തിൽ ഞങ്ങൾ തിരിച്ചു വന്നു . രക്ത ബന്ധമോ കുടുംബക്കാരോ ആകണം എന്നില്ല ചില മനുഷ്യർ നമ്മുടെ മനസ്സിൽ ആഴത്തിൽ സ്നേഹത്തിന്റെ വേരുകൾ പതിപ്പിച്ചു അപ്രത്യക്ഷർ ആവും . ഇഖ്ബാൽ ഭായിയെ പോലെ ........ യാത്രകൾക്കിടയിൽ നരച്ച താടിയും ജൂബയും ഉള്ള ഭായിയുടെ ഛായ ഉള്ളവരെ കാണുമ്പോൾ ഇഖ്ബാൽ ബായി ഓർമ്മകളിൽ ഓടി എത്തും.

No comments:

Post a Comment