Thursday, May 12, 2016

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം

അമ്മാവന്റെ ഉച്ചത്തിലുള്ള വിളി കേൾക്കുന്നത് വരെയുള്ള അമ്പല കുളത്തിലെ കുളി , സ്കൂൾ അവധി ദിവസങ്ങളിൽ കുമാരേട്ടന്റെ പീടികയിലെ അര വണ്ടിയിന്മേലുള്ള സൈക്കിൾ പഠിത്തം. തറവാട്ട് വീട്ടിലെ പുളി മരത്തിനു കീഴിൽ കരിയോല കൊണ്ട് ഉണ്ടാക്കിയ പന്തലിൽ ചിരട്ട കൊണ്ട് ചോറും കറിയും വച്ചുള്ള കളി, പിന്നെ ഒളിച്ചു കളിക്കൽ, കള്ളനും പോലീസും കളി , കുറ്റി പിടിച്ചു കളി , കൊക്കോം പറന്നു കളി, കൊത്തം കല്ല് കളി , ചുട്ടിയും കോലും കളി, ഇട്ടാപ്പോ തൊണ്ണൂറു കളി. സൈക്കിളിന്റെ ടയർ അല്ലെങ്കിൽ ഹവായ് ചെരുപ്പ് വട്ടത്തിൽ മുറിച്ചു ഉണ്ടാക്കുന്ന ഉന്തു വണ്ടി യുമായുള്ള കറക്കം . തീപ്പെട്ടി കൂടിന്റെ കവർ ശേഖരണം, കുളത്തിലെ ചൂണ്ടയിടൽ , ആഴ്ചയിൽ ഒരിക്കൽ ടി വിയിൽ ഉള്ള മലയാളം സിനിമ, ചിത്ര ഗീതം , രാമായണം , മഹാഭാരതം , ശക്തിമാൻ , ജെങ്കിൾ ബുക്ക് , ജെയന്റ്റ് റോബൊട്ട്, എന്നിവ കാണുക, കണ്ട സിനിമയിലെ സ്റ്റണ്ട് സീൻ അനുകരിക്കുക ഇതൊക്കെ ബാല്യത്തിനു ഒരു ഉത്സവ പ്രതീതി സമ്മാനിച്ചിരുന്നു . പച്ച മാങ്ങ പറിച്ചു ഉപ്പും മുളകും വെളിച്ചെണ്ണയും പുരട്ടി തിന്നുക , അമ്പല പറമ്പിലെ പറങ്കി മാങ്ങ (കശുവണ്ടി ) പറിച്ചു ഈർക്കിലിയിൽ കോർത്ത് വീട്ടിൽ കൊണ്ട് വന്നു മുറിച്ചിട്ട് ഉപ്പും കൂട്ടി തിന്നുക , ഓണത്തിന് പൂവിടാൻ കൂട പിറപ്പുകളുടെയും കൂട്ടുകാരുടെയും കൂടെ പാടത്തും പറമ്പത്തും ഉള്ള കറക്കം , വേനൽഅവധി കാലത്ത് വെള്ളം വറ്റാറായ കുളങ്ങൾ വറ്റിച്ചു മീൻ പിടിക്കൽ , വിഷുവിനു പടക്കം വാങ്ങാനും അമ്പലത്തിലെ ഉത്സവത്തിനു ഇഷ്ടപ്പെട്ട കളിപ്പാട്ടം വാങ്ങാനും പയിസ ശേഖരിച്ചു വയ്ക്കൽ , അമ്മ പീടികയിൽ പറഞ്ഞു അയക്കുന്നതിനു കൂലി ആയി മുട്ടായിയോ ചില്ലറ പൈസയോ വാങ്ങുക , സ്കൂളിൽ നിന്ന് തിരികെ വരാനുള്ള ബസ്സിന്റെ കാശിനു മുട്ടായി വാങ്ങി തിന്നു സ്കൂളിൽ നിന്ന് വീട് വരെ കൂട്ടുകാരും ഒന്നിച്ചുള്ള നടത്തം പിന്നെ അന്തി ആവുന്നത് വരെ റയിൽ വെ ഗ്രൗണ്ടിൽ ഉള്ള ക്രിക്കറ്റ് കളി, ഡിസംബറിലെ തണുത്ത പ്രഭാതങ്ങളിൽ ചമ്മൽ (കരിയിലകൾ ) കൂട്ടിയിട്ടു അമ്മാമ യോടപ്പം ഉള്ള തീ കായൽ , ഇതൊക്കെ മനസ്സിൽ ഒരു കൊളുത്തി വലിക്കൽ സൃഷ്ടിക്കുന്ന ഓർമ്മകൾ ആണ് . തീ കാഞ്ഞാൽ മേൽ കായും മേൽ കാഞ്ഞാൽ അസ്ഥി കായും അസ്ഥി കാഞ്ഞാൽ പുസ്തി കായും എന്ന തീ കായുമ്പോൾ അമ്മാമ പാടി തരാറുള്ള പാട്ട് ഇപ്പോഴും ചെവിട്ടിൽ മുഴങ്ങുന്നു. നെടൂളാൻ (കാലൻ കോഴി ) കൂകിയാൽ ആരെങ്കിലും മരിക്കും എന്നും രണ്ടു മൈനയെ കണ്ടാൽ സന്തോഷം ആണ് ഫലം എന്നും , ചെമ്പോത്തിനെ കണ്ടാൽ മധുരം കിട്ടും എന്നും അമ്മാമ പറഞ്ഞു തന്ന കാര്യങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്ന ആ കുട്ടികാലം. സ്കൂൾ അവധി കാലത്ത് നമ്മുടെ പ്രായത്തിലുള്ള ബന്ധുക്കൾ തറവാട്ടിൽ കൂടാൻ വന്നാൽ സന്തോഷവും , അറാമ്പറപ്പും പതിൻ മടങ്ങാവും. ഞങ്ങൾ കുട്ടികൾക്കിടയിൽ ഉള്ള പിണക്കങ്ങൾ തീരാൻ ഒരു കോല് ഐസോ , പുളിയച്ചാറോ , അരുൾജ്യോതി മുട്ടായിയോ അല്ലെങ്കിൽ ഒരു നെയിംസ്ലിപ്പൊ മതിയായിരുന്നു. ഇതൊക്കെ മനസ്സില് നിന്ന് ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്പ്രകൃതിയോടു ഇണങ്ങി ചേർന്ന് വളർന്ന ഒരു കുട്ടിക്കാലം സമ്മാനിച്ചതിന് ദൈവത്തിനോട് നന്ദി .

No comments:

Post a Comment