Sunday, May 8, 2016

തിക്കോടിയൻ

മലയാള സാഹിത്യത്തിൻറെ വിഹായസ്സിൽ എന്നും തലയെടുപ്പോടെ ശോഭിച്ചു നിൽക്കുന്ന ഒരു നക്ഷത്രം ആണ് ശ്രീ തിക്കോടിയൻ . കവിയും നാകകൃത്തും നോവലിസ്റ്റുമെല്ലാമായി സാഹിത്യ ലോകത്ത് കിരീടം വച്ച് വാണ ബഹു മുഖ പ്രതിഭയാണ് ശ്രീ തിക്കോടിയൻ
എടുത്താലും കൊടുത്താലും തീരാത്ത അത്ര സ്നേഹത്തിനു ഉടമ ആയതു കൊണ്ട്, പരമ ശത്രുവിന്റെ നിഷ്ടൂര കൃത്യങ്ങൾക്ക് കൂടി മനസ്സില് മാപ്പ് കൊടുത്തു ചിരിക്കാൻ കഴിയുന്ന നിഷ്കളങ്കത കൊണ്ട് തിക്കോടിയൻ എന്ന മനുഷ്യൻ അല്പം മാത്രം അറിഞ്ഞവരെ കൂടി ആരാധകരോ സ്നേഹിതരോ ആക്കി മാറ്റാറുണ്ട് എന്നാണ് ശ്രീ എം ടി അദ്ദേഹത്തിന്റെ അരങ്ങോഴിയാത്ത തിക്കോടിയൻ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് .
1916 ജനുവരി 28 നു തിക്കോടിയിൽ പുതിയിടത്തു വീട്ടിൽ കുഞ്ഞപ്പൻ നായരുടേയും നാരായണിയമ്മയുടേയും മകനായി ജനിച്ച പി. കുഞ്ഞനന്തൻ നായർ പിന്നീട് തിക്കോടിയൻ എന്ന തൂലിക നാമത്തിലൂടെ സാഹിത്യ രചനകൾ നടത്തുകയും ജനമനസ്സുകളിൽ ഇടം നേടുകയും ചെയ്തു .
തിക്കോടിയന് തിക്കു എന്നൊരു ഓമന പേര് കൂടി ഉണ്ടായിരുന്നു. സുഹൃത്തുക്കൾ അദ്ദേഹത്തെ അങ്ങനെ ആണ് വിളിച്ചിരുന്നത് . ഹാസ്യസാമ്രാട്ടായിരുന്ന സഞ്ജയനാണ് കുഞ്ഞനന്തൻ നായർ എന്ന എഴുത്തുകാരന് തിക്കോടിയന് എന്ന തൂലികാനാമം നല്കിയത്. നാടകങ്ങൾ , നോവലുകൾ, തിരക്കഥകൾ , ഗാനരചന എന്നി മേഖലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപിച്ച കേരളക്കരയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് അദ്ദേഹം
"അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
(അപ്പോളും) എന്ന കടമ്പ എന്ന സിനിമയിലെ ഗാനം ഇപ്പോളും മലയാളികൾ പാടി നടക്കുന്നു . അതിന്റെ ഗാന രചന നടത്തിയത് തിക്കോടിയൻ ആണ്.
1975 ൽ പുറത്തിറങ്ങിയ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയുടെ കഥ തിക്കോടിയന്റേതു ആണ് അതിനു കേരള സ്റ്റേറ്റ് ഫിലിം തിരക്കഥ അവാർഡ് ലഭിച്ചിട്ടുണ്ട്
എ.പി നളിനന്റെ തിക്കോടിയനെ കുറിച്ചുള്ള ഓർമ്മകുറിപ്പിൽ തിക്കോടിയന്റെ ജീവിതത്തെ കുറിച്ചുള്ള സമീപനത്തെ കുറിച്ച് ഇങ്ങനെ പറയുന്നു
“ജീവിതവും നാടകവും രണ്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ജീവിതം തന്നെ ഒരു നാടകമാണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ- അങ്ങനെ കളിച്ചുപോകുന്ന ഒരു നാടകം. അതുകൊണ്ടുതന്നെ ജീവിതത്തെ വലിയ ഗൌരവത്തോടെ ഞാന് കണ്ടിട്ടില്ല. ജീവിതത്തില്നിന്ന് എന്തെങ്കിലും കിട്ടണം, നേടണം എന്നൊന്നും തോന്നിയിട്ടില്ല; ഒന്നും ആരോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. എന്തെങ്കിലും അറിയാതെ മേല് വന്നുവീഴുമ്പോള് വലിയ വിഷമമാണ്- ഒരു കല്യാണപ്പെണ്ണിന്റെ വിമ്മിഷ്ടമാണ്”.
അദ്ദേഹം തന്റെ നാടകങ്ങളിൽ അക്കാലത്തു നിലവിലുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥയെ വരച്ചു കാണിച്ചു തിക്കോടിയന്റെ ആത്മകഥയായ അരങ്ങ് കാണാത്ത നടൻ എന്ന പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരികമായ വിവരണങ്ങൾ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഇതിന് 1995 ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അകാദമി പുരസ്കാരം ലഭിച്ചു. അതിനു പുറമേ കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്,കേരള സ്റ്റേറ്റ് ഫിലിം തിരക്കഥ അവാർഡ് (ഉത്തരായണം),സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നി അവാർഡുകളും ഈ പ്രതിഭയെ തേടി എത്തി പുഷ്പവൃഷ്ടി,ഒരേകുടുംബം, ജീവിതം,പ്രസവിക്കാത്ത അമ്മ, പുതുപ്പണംകോട്ട, യാഗശില(നാടകം), അശ്വഹൃദയം, ചുവന്നകടൽ, പഴശ്ശിയുടെ പടവാൾ (നോവൽ)അരങ്ങു കാണാത്ത നടൻ(ആത്മകഥ) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപെട്ട കൃതികൾ
കേരള സാഹിത്യ സമിതി അദ്ധ്യക്ഷൻ, കേരള സംഗീതനാടക അക്കാദമി ചെയർമാൻ എന്നി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഒരു കാലത്ത് കോഴിക്കോട്ടെ ഏറ്റവും തിരക്കുള്ള സാംസ്കാരിക നായകൻ ആയിരുന്നു തിക്കോടിയൻ . പ്രഭാഷണങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1950 ൽ ആകാശവാണി കോഴിക്കോട് നിലയത്തില് സ്ക്രിപ്റ്റ് റൈറ്ററായി ചേര്ന്നു. 1975 ൽ ഡ്രാമാപ്രൊഡ്യൂസറായി റിട്ടയര് ചെയ്തു. 1942 ൽ ആയിരുന്നു വിവാഹം. സ്കൂള് അദ്ധ്യാപികയായിരുന്നു ഭാര്യ. തിക്കോടിയന്റെ മകളുടെ പേര് പുഷ്പ എന്നാണ്
2001 ജനുവരി 28 നു ആണ് ഈ മഹാ പ്രതിഭ നമ്മോടു വിട പറഞ്ഞത് . ഈ വർഷം (2016 )നമ്മൾ അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി ആഘോഷിക്കുകയാണ് . അദ്ദേഹത്തെ പോലെയുടെ മഹാ പ്രതിഭ ജനിച്ച തിക്കോടിയുടെ മണ്ണിൽ ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു. നമ്മെ വിട്ടു പോയെങ്കിലും ഞങ്ങൾ തിക്കോടിക്കാരുടെയും കലാ സ്നേഹികളായ കേരള ജനതയുടെ യും മനസ്സിന്റെ അരങ്ങിൽ എന്നും ഒരു അദ്ദേഹത്തിന് ഒരു പ്രമുഖ സ്ഥാനം ഉണ്ടായിരിക്കും…… പ്രശാന്ത് നായർ തിക്കോടി

No comments:

Post a Comment